പാഠം മറക്കുന്ന ബാറ്റിംഗ് നിര…

Posted on: August 11, 2014 1:32 am | Last updated: August 11, 2014 at 10:56 am

indiaമാഞ്ചസ്റ്റര്‍: മുന്‍നിര ബാറ്റ്‌സ്മാന്‍മാരേക്കാളും അധികം റണ്‍സ് ടീമിലെ അഞ്ചാം ബൗളര്‍ കണ്ടെത്തിയെന്ന ധോണിയുടെ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ ഒരിന്നിംഗ്‌സിനും 54 റണ്‍സിനും ദയനീയമായി പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്യാപ്റ്റന്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ പരിതാപകരമായ അവസ്ഥയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ് ഇപ്പോള്‍. 2011ന് ശേഷം വിദേശ മണ്ണില്‍ ഒരു ടെസ്റ്റ് വിജയത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ്. ആദ്യ ടെസ്റ്റ് സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു. എന്നാല്‍ പിന്നീട് നടന്ന രണ്ട് ടെസ്റ്റുകളിലും ദയനീയ പരാജയമായിരുന്നു ഫലം.
ഈ രണ്ട് ടെസ്റ്റുകളിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പരിതാപകരമായ പ്രകടനമാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നത് ശ്രദ്ധേയം. പ്രത്യേകിച്ച് നാലാം ടെസ്റ്റില്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 152 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 161 റണ്‍സാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത്. ടീമിലെ അഞ്ചാം ബൗളറായ ആര്‍ അശ്വിന്‍ പുറത്താകാതെ 46 റണ്‍സെടുത്ത് പിടിച്ചു നില്‍ക്കേണ്ടത് എങ്ങനെയെന്ന് ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാട്ടിക്കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തി. രണ്ട് ദിവസം ശേഷിക്കെ 215 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യയുടെ ഓപണിംഗ് സഖ്യം ആദ്യ പത്തോവര്‍ വരെ വിക്കറ്റ് സൂക്ഷിച്ച് കളിച്ചു. എന്നാല്‍ പത്താം ഓവറിന്റെ അഞ്ചാം പന്തില്‍ മുരളി വിജയ് (36 പന്തില്‍ 18) പുറത്തായി. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാരയും ഗംഭീറും ചേര്‍ന്ന് ഇന്നിംഗ്‌സ് നേരയാക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ സഖ്യവും പത്തോവര്‍ നിന്നു. രണ്ടാം വിക്കറ്റായി ഗംഭീര്‍ പുറത്ത്. ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ ഗംഭീര്‍ 53 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി മടങ്ങി. പിന്നെ വിക്കറ്റ് വീഴ്ചയുടെ പെരുമഴയായിരുന്നു ആര് എങ്ങനെ പുറത്താകണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‌ലിയും തുടര്‍ച്ചയായ ഇന്നിംഗ്‌സുകളില്‍ നിരാശപ്പെടുത്തുന്നതിന് ഇവിടെയും മാറ്റമുണ്ടായില്ല. 17 റണ്‍സെടുത്ത പൂജാര മൊയീന്‍ അലിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ ഏഴ് റണ്‍സെടുത്ത കോഹ്‌ലിയെ ആന്‍ഡേഴ്‌സണ്‍ ബെല്ലിന്റെ കൈകളിലെത്തിച്ചു. രഹാനയാകട്ടെ അലിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. അടുത്ത ഊഴം ജഡേജയുടെതായിരുന്നു ധോണിക്കൊപ്പം നിലയുറപ്പിക്കാനൊരുങ്ങിയ ജഡേജയെയും അലി തന്നെ പറഞ്ഞയച്ചതോടെ ഇന്ത്യ ആറിന് 66 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇവിടെ നിന്ന് ധോണിയും അശ്വിനും ചേര്‍ന്ന് കുറച്ച് നേരം പിടിച്ചു നിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ ചിത്രത്തിലേയുണ്ടായിരുന്നില്ല. അധികം വൈകാതെ ധോണിയും(27) കീഴടങ്ങിയതോടെ കാര്യങ്ങള്‍ ചടങ്ങു മാത്രമായി.
ടീമിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താതിനെയാണ് ധോണി തോല്‍വിയില്‍ കുറ്റപ്പെടുത്തുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് രേഖപ്പെടുത്തേണ്ട ഉത്തരവാദിത്വത്തെ ക്യാപ്റ്റന്‍ ഓര്‍മിപ്പിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ആറ് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വെള്ളം കുടിപ്പിച്ചതെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുമായി സ്പിന്നര്‍ മോയിന്‍ അലിയാണ് ഇന്ത്യയെ കുഴിയില്‍ വീഴ്ത്തിയത്. ഇരുവരും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് ധോണി പറഞ്ഞു. ആദ്യത്തെ അഞ്ച്, ആറ് ബാറ്റ്‌സ്മാന്‍മാര്‍ കരുതലോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നു. ഈ തോല്‍വി നിരാശപ്പെടുത്തുന്നതാണെന്ന് ധോണി തുറന്നു സമ്മതിച്ചു. നാളെയെന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അതേസമയം ഇന്ന് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. തോല്‍വിയില്‍ നിന്ന് ഇന്ത്യ തിരിച്ചുവരുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു.
നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് ഈ മാസം 15 മുതല്‍ 19 വരെ ഓവലില്‍ നടക്കും. നാലാം ടെസ്റ്റ് തുടങ്ങും മുമ്പ് ആര്‍ക്ക് പകരം ആര് എന്നത് ഇന്ത്യക്ക് തലവേദനയായിരുന്നു. സമാനമായ അല്ലെങ്കില്‍ അതിലും കൂടുതല്‍ തല പുകക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയെ സംബന്ധിച്ച് ബാറ്റിംഗിന്റെ കാര്യത്തില്‍ വന്നിരിക്കുന്നത്. കോഹ്‌ലിയും പൂജാരയും തുടര്‍ച്ചയായി പരാജയപ്പെടുന്നതും തുടര്‍ പരാജയമായ ശിഖര്‍ ധവാനെ മാറ്റി ഇടവേളക്ക് ശേഷം ടീമിലെത്തിയ ഗംഭീറിന് രണ്ടിന്നിംഗ്‌സിലും മികവ് പുലര്‍ത്താന്‍ സാധിക്കാത്തതുമൊക്കെ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. എന്തായാലും അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പര 2-2ന് സമനിലയില്‍ എത്തിച്ച് വന്‍ നാണക്കേട് ഒഴിവാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.

ALSO READ  ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്; കണ്ണുകൾ സഞ്ജുവിൽ