കണ്ണീര്‍മഴയില്‍ ചെമ്പ്ര ഗ്രാമം; ജീവിതത്തിലും മരണത്തിലും അവര്‍ ഒരുമിച്ചു

Posted on: August 5, 2014 10:30 am | Last updated: August 5, 2014 at 10:30 am

തിരൂര്‍: ചെമ്പ്രയില്‍ ഇന്നലെ പെയ്തത് കണ്ണീര്‍മഴ. പുഴയില്‍ മുങ്ങി മരിച്ച കുഞ്ഞുങ്ങളെയോര്‍ത്ത് ഒരു ഗ്രാമമൊന്നടങ്കം കണ്ണീര്‍ വാര്‍ത്തു. ജീവിതത്തിലുടനീളം ഒരുമിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അന്ത്യയാത്രയിലും വേര്‍പരിഞ്ഞില്ല. തിരൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍ പടി നടക്കാവില്‍ ഇസ്മാഈല്‍ – റഹീന ദമ്പതികളുടെ മക്കളായ മുഹമ്മദ് റഈസുദ്ദീന്‍, മുഹമ്മദ് റനീസ്, ജലീല്‍-മറിയാമു ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ എന്നീ മൂന്ന് പൊന്നോമനകളുടെ വിയോഗമാണ് നാടിന്റെ നൊമ്പരമായി തീര്‍ന്നത്. ഇസ്മാഈലും ജലീലും സഹോദരങ്ങളാണ്. ഇവരുടെ സഹോദരനായ അബ്ദുറസാഖിന്റെ കൂടെ കാര്‍ കഴുകാന്‍ പോയ മൂന്ന് കുട്ടികളാണ് തിരൂര്‍ പുഴയുടെ ആഴപ്പരപ്പില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മുങ്ങിത്താഴ്ന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനിടയില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ റഈസുദ്ദീന്റെ മയ്യിത്ത് ലഭിച്ചെങ്കിലും മറ്റു രണ്ടുപേരെയും കണ്ടെത്താനായിരുന്നില്ല. ഇരുട്ട് മൂലം രാത്രി എട്ട് മണിയോടെ തിരച്ചില്‍ നിറുത്തി വെച്ചു.
നീറുന്ന മനസുമായി നേരം പുലരുവോളം ഉറക്കമളിച്ചാണ് ചെമ്പ്ര നിവാസികള്‍ കഴിച്ചു കൂട്ടിയത്. ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയും എട്ട് മണിയോടെ രണ്ട് പേരുടെയും മയ്യിത്തുകള്‍ ലഭിക്കുകയും ചെയ്തു. തലേദിവസം റഈസുദ്ദീന്റെ മയ്യിത്ത് ലഭിച്ച അതേ സ്ഥലത്തു നിന്നു തന്നെയാണ് മറ്റു രണ്ടുപേരെയും ലഭിച്ചത്. പുഴക്കടിയിലെ കുറ്റിക്കാട്ടില്‍ തങ്ങിയ നിലയിലായിരുന്ന ഇന്നലെ ലഭിച്ച രണ്ട് മയ്യിത്തുകളും. തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മയ്യിത്തുകള്‍ പതിനൊന്ന് മണിയോടെ വീട്ടിലെത്തിച്ചു. ശേഷം ചെമ്പ്ര എ യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ജനത്തിരക്കു മൂലം പലര്‍ക്കും ഒരു നോക്കു കാണാന്‍പോലുമായില്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു ഉച്ചക്ക് ഒന്നരക്ക് ചെമ്പ്ര ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എം എല്‍ എമാരായ സി മമ്മുട്ടി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെ ടി ജലീല്‍, എന്‍ ശംസുദ്ദീന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വൈകുന്നേരത്തോടെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു.