Connect with us

Ongoing News

പ്ലസ് ടു: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ ഡി എഫ് കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും

Published

|

Last Updated

തിരുവനന്തപുരം: പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതില്‍ ഉണ്ടായിട്ടുള്ള അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ഈ മാസം 5-ാം തീയതി കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുമാണ് പ്ലസ് ടു കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. പുതുതായി സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ ജില്ലയ്ക്കും ആവശ്യമായ സീറ്റുകള്‍ എത്രയെന്ന് പരിശോധിച്ച് അതിനനുസരിച്ച് പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ധാരാളം സീറ്റുകള്‍ അധികമായി കിടക്കുന്ന ജില്ലകളില്‍ പോലും പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളുടെ കാര്യം അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍നിന്ന് മറച്ചുവച്ചു എന്ന ആരോപണവും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
മുസ്ലീം ലീഗ് നേതാക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനായി വന്‍തോതില്‍ കോഴ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. എം ഇ എസ് പ്രസിഡന്റും കോഴിക്കോട് സി എം സി സ്‌കൂള്‍ മാനേജര്‍ നടത്തിയ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് കൊച്ചയ്യങ്കലിന്റെ പ്രസ്താവനയും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പുതിയ 225 ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അനുവദിച്ചതില്‍ 164 ഉം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കാണ് നല്‍കിയത്. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ ആദ്യം സര്‍ക്കാര്‍, പിന്നെ കോര്‍പ്പറേറ്റ്, ശേഷം സിംഗിള്‍ മാനേജ്‌മെന്റ് എന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം. ഇതിന് തികച്ചും ഘടകവിരുദ്ധമായി നിലവാരമുള്ള സര്‍ക്കാര്‍സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നിടത്തുപോലും അവയെ തഴയുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കോഴയാണ് ഇക്കാര്യത്തില്‍ മാനദണ്ഡമായി തീര്‍ന്നിട്ടുള്ളത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും മണ്ഡലങ്ങളില്‍ മൂന്ന് വീതം സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചപ്പോഴും സര്‍ക്കാര്‍ സ്‌കൂളുകളെ തഴയുന്ന നിലയാണ് ഉണ്ടായത്.
പ്ലസ്ടു അനുവദിച്ച മൊത്തം സ്‌കൂളുകളില്‍ മൂന്നില്‍ രണ്ടും സ്വകാര്യമേഖലയിലാണ്. ഒരു സ്‌കൂളില്‍ ശരാശരി 22 വരെ അധ്യാപകരെ നിയമിക്കാവുന്ന സ്ഥിതിയാണുള്ളത്. ഒരു അധ്യാപകനിയമനത്തിന് 25 ലക്ഷം വരെ കോഴ വാങ്ങുന്ന സാഹചര്യത്തില്‍ കോടാനുകോടിയുടെ അഴിമതിക്കാണ് ഇവിടെ കളമൊരുങ്ങിയിരിക്കുന്നത്. ആക്ഷേപങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ സ്‌കൂളുകളും ബാച്ചുകളും വാരിക്കോരി നല്‍കുന്നതിനുമുള്ള ആലോചനകള്‍ നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ യു ഡി എഫ് സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയാണ് പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇതിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

Latest