പുതിയ നോള്‍ കാര്‍ഡുകള്‍ക്ക് ഫോട്ടോകള്‍ ക്ഷണിച്ചു

Posted on: July 25, 2014 8:38 pm | Last updated: July 25, 2014 at 8:38 pm
RTA_NOL
പഴയ നോള്‍കാര്‍ഡിലെ ചിത്രങ്ങള്‍

ദുബൈ: നോള്‍കാര്‍ഡ് രൂപകല്‍പന ചെയ്യാന്‍ മികച്ച ഫോട്ടോകള്‍ക്കുവേണ്ടി മത്സരം സംഘടിപ്പിക്കുമെന്ന് ആര്‍ ടി എ മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ മോസ അല്‍ മറി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരിക്കും മത്സരം. ദുബൈയുടെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. ഹഷ് ടാഗിലൂടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം. (#NOLGRAM).
നോള്‍ കാര്‍ഡ് രൂപകല്‍പന ചെയ്യുമ്പോള്‍ വൈവിധ്യത കൊണ്ടുവരുകയും ലക്ഷ്യമാണ്. മികച്ചതും സൂക്ഷ്മതയുള്ളതുമായ ചിത്രങ്ങളാണ് സമ്മാനത്തിന് പരിഗണിക്കുക. സ്വന്തം ചിത്രങ്ങള്‍ മാത്രമെ അപ്‌ലോഡ് ചെയ്യാന്‍പാടുള്ളു. സമ്മാനം നേടുന്ന ചിത്രങ്ങളുടെ പകര്‍പ്പാവകാശം ആര്‍ ടി എക്കായിരിക്കും.
ഗോള്‍ഡ്, സില്‍വര്‍, ബ്ലൂ വിഭാഗങ്ങളിലാണ് നോള്‍ കാര്‍ഡുള്ളത്. ദുബൈയുടെ പൈതൃക കേന്ദ്രങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു.
ശൈഖ് സഈദ് ഹൗസ്, പരമ്പരാഗത സൂഖുകള്‍, ശിന്ദഗ, അബ്‌റ തുടങ്ങിയ കേന്ദ്രങ്ങളുടെ പുതിയ ഫോട്ടോകള്‍ പരിഗണിക്കും. ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയും മെട്രോ, ജലഗതാഗതം, കുട്ടികളുടെ കൗതുകങ്ങള്‍ തുടങ്ങിയവയും ആകാമെന്നും മോസ അല്‍ മറി പറഞ്ഞു.