വീക്ഷണത്തിന് മറുപടിയുമായി ചന്ദ്രിക

Posted on: July 18, 2014 8:07 am | Last updated: July 19, 2014 at 12:42 am

chandrika-daily--1_660_330

കോഴിക്കോട്: മുസ്‌ലിംലീഗിനെതിരെയുള്ള വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഖത്തനി് മറുപടിയുമായി ചന്ദ്രിക ദിനപത്രം. യുഡിഎഫ് നയങ്ങളെ മുഖംനോക്കാതെ വിമര്‍ശിക്കുന്നപ്രതിപക്ഷം പോലും സര്‍ക്കാര്‍ തീരുമാനത്തോട് മാന്യമായാണ് പ്രതികരിക്കുന്നതെന്നും എന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നവര്‍ തന്നെ കടടിച്ചു വെടിവെയ്ക്കുന്നത് ശരിയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഖത്തിന്റെ പൂര്‍ണ രൂപം..

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി തുടര്‍പഠനത്തിന് യോഗ്യത നേടിയവരുടെ കണക്ക് 4,42608. ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകള്‍ 3,61,170. പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങി മറ്റു സാധ്യതകള്‍ തേടിയാലും സീറ്റു കിട്ടാതെ പതിനായിരങ്ങള്‍ക്ക് പുറത്തു നില്‍ക്കേണ്ടി വരും. ഇതില്‍ ഏറെയും മലബാറില്‍നിന്നുള്ളവരാണ്. വിജയികളുടെ എണ്ണത്തിലും അപേക്ഷകരുടെ എണ്ണത്തിലും മലബാറാണ് മുമ്പില്‍. ഈ കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യമൊരുക്കുക എന്നത് ജനാധിപത്യ സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനു വേണ്ടിയാണ് പുതിയ പ്ലസ്ടു കോഴ്‌സുകള്‍ക്കും സ്‌കൂളുകള്‍ക്കും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ പാക്കേജ്. 134 പഞ്ചായത്തുകളില്‍ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധി, വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം, കുറഞ്ഞ സാമ്പത്തിക ബാധ്യത എന്നിവ പരിഗണിച്ചാണ് ഈ പാക്കേജ്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെയാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നു എന്ന വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
 
യു.ഡി.എഫ് നയങ്ങളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന പ്രതിപക്ഷം പോലും സര്‍ക്കാര്‍ തീരുമാനത്തോട് മാന്യമായി പ്രതികരിക്കുമ്പോള്‍, യു.ഡി.എഫിനെ പിന്തുണക്കാന്‍ ബാധ്യതപ്പെട്ട വര്‍ തന്നെ കാടടച്ചു വെടിവെക്കുന്ന കാഴ്ച സുഖമുള്ളതല്ല. ചുരുങ്ങിയ പക്ഷം, തങ്ങള്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയാണ് നയപരമായ ഇത്തരം വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതെന്ന സാമാന്യബോധം പോലുമില്ലാത്തവരാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന കാര്യം വ്യക്തം. ഏകജാലക രീതിപ്രകാരമുള്ള അഡ്മിഷന്‍ നടപടികള്‍ കഴിയും മുമ്പേയാണ് 64000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നു മുറവിളി കൂട്ടി ചിലര്‍ വിഷയത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചത്. മലബാറിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടി നട്ടം തിരിയുമ്പോഴാണ് ഉത്തരവാദപ്പെട്ടവര്‍ തലതിരിഞ്ഞ രാഷ്ട്രീയം കളിക്കുന്നത്.
ചിലര്‍ മലബാറിനെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയില്‍പെടുത്തി ഒറ്റതിരിഞ്ഞ് കുത്തിനോവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മലബാറില്‍ മുസ്‌ലിംലീഗ് എന്ന പാര്‍ട്ടിയും മുസ്‌ലിം എന്ന ജനവിഭാഗവും മാത്രമേ ജീവിക്കുന്നുള്ളൂ എന്ന മട്ടിലാണ് കഥകള്‍ മെനയുന്നവരുടെ ഭാവനാവിലാസങ്ങള്‍. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പുതിയ സ്‌കൂളുകളും പ്ലസ്ടു ബാച്ചുകളും തുടങ്ങണമെന്ന് പറഞ്ഞത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയാണ്. വിദ്യാര്‍ത്ഥി അനുപാതവും ജനസംഖ്യാനുപാതവും നോക്കിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം പോയ ഒരു പ്രദേശത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.
മുസ്‌ലിംലീഗ് മന്ത്രിമാര്‍ അനര്‍ഹമായി എന്തൊക്കെയോ കൈവശപ്പെടുത്തുന്നു എന്ന വ്യാജപൊതുബോധം സൃഷ്ടിക്കുക യാണ് ചിലരുടെ ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പ് എന്തു ചെയ്താലും അതിനെ വിമര്‍ശിക്കാനുള്ള അനാവശ്യ വ്യഗ്രത ഇതിന്റെ സൂചനയാണ്. മലബാറിനോടുള്ള അവഗണനക്കെതിരെ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല എന്ന് ആക്ഷേപമുന്നയിക്കുന്നവരും മലബാറിന് വാരിക്കോരിക്കൊടുക്കാന്‍ മുസ്‌ലിംലീഗും വിദ്യാഭ്യാസ വകുപ്പും ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിക്കുന്നവരും ഉള്ളിലുള്ള ലീഗ് വിരോധത്തിന്റെ വിഷം തൂത്തുകളയാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നവരാണ്.
2020 ആകുമ്പോഴേക്കും മൂന്നര ലക്ഷം കുട്ടികളായി പ്ലസ് വണ്‍ സീറ്റുകള്‍ക്ക് ആവശ്യം കുറയുമെന്ന ഒരു കണക്കും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് ആരുണ്ടാക്കിയ കണക്കാണെന്നു മാത്രം ചോദിക്കരുത്. 2020ല്‍ പത്താംക്ലാസ്സ് ജയിക്കുന്ന കുട്ടികളെയൊക്കെ എന്തുചെയ്യാനാണ് ഈ കണക്കെഴുതിയവരുടെ ഉദ്ദേശ്യം? തോളിലിരുന്ന് ചെവി കടിക്കുന്നവരുടെ മനസ്സിലിരിപ്പ് വിദ്യാഭ്യാസവകുപ്പിനെ വൃത്തിയാക്കലല്ല, സ്വന്തം മനസ്സിലെ വൃത്തികേടുകള്‍ പടര്‍ത്തി പരിസര മലിനീകരണമുണ്ടാക്കലാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ക്രിസ്മസ് പരീക്ഷ അടുത്തി ട്ടുപോലും ടെക്സ്റ്റ് ബുക്ക് കിട്ടാതെ കുട്ടികള്‍ വിഷമിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ആവശ്യമായ പുസ്തകങ്ങളെല്ലാം ക്ലാസ്സുകള്‍ ആരംഭിക്കും മുമ്പെ നല്‍കിയ സര്‍ക്കാര്‍, ഈ വര്‍ഷം 97 ശതമാനം വിതരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആകെ വേണ്ട 2.51 കോടിയില്‍ 2.37 കോടിയും വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തി. ജൂലൈ 31നകം ബാക്കിയുള്ളവ വിതരണം ചെയ്യാനിരിക്കുകയാണ്. യൂണിഫോം വിതരണവും ഫലപ്രദമായാണ് നടന്നുകൊണ്ടിരിക്കുന്നത്. പതിവില്ലാത്ത വിധം പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ട വര്‍ഷം കൂടിയാണിത്. ഉയര്‍ന്ന നിലവാരം തന്നെയാണ് ഇതിനു കാരണം. ഇതൊന്നും അറിയാതെയല്ല ചിലര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിനെതിരെ സമരം ചെയ്യാന്‍ മൗലിക പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രതിപക്ഷവും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും പ്രയാസപ്പെടുമ്പോഴാണ് ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. കേരളത്തിന് പരിചയമില്ലാത്ത വര്‍ഗീയ അജണ്ടകളിലൂന്നിനിന്നു കൊണ്ടുള്ള ചര്‍ച്ചകളും വിവാദങ്ങളും മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഇക്കാലം വരെ വിദ്യാഭ്യാസ വകുപ്പിനെതിരെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ മതേതര പൈതൃകത്തിനേറ്റ തീരാകളങ്കമായിരുന്നു ഈ വിവാദങ്ങള്‍. വര്‍ഗീയത തിളച്ചുതൂവലാണ് ഇതിന്റെ അനന്തര ഫലം. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മതസൗഹാര്‍ദ്ദത്തിന്റെ നന്മകളില്‍ സൈ്വരജീവിതം നയിക്കുന്ന സാംസ്‌കാരിക കേരളം വലിയ വില കൊടുക്കേണ്ടി വരും.