ഇന്ത്യയും ബ്രസീലും ഉഭയ കക്ഷി കരാറുകളില്‍ ഒപ്പുവെച്ചു

Posted on: July 17, 2014 10:52 am | Last updated: July 17, 2014 at 10:53 am

modi with dilma

ഫോര്‍ട്ടലെസ: വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തോടെ ബ്രസീലുമായി ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. ബഹിരാകാശ രംഗത്തും ഊര്‍ജം,പ്രതിരോധം, സൈബര്‍ സുരക്ഷ, തുടങ്ങിയ മേഖലകളിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫും തമ്മില്‍ നടന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

വ്യാപാര ,നിക്ഷേപ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കും. ഐക്യരാഷ്ട്രസഭയിലും, യു എന്‍ രക്ഷാ സമിതിയിലും സ്ഥിരാഗത്വം നേടാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. രാജ്യാന്തര ഫോറങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാനും തീരുമാനമെടുത്തു.

പോയവര്‍ഷം 9.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ബ്രസീലുമായിനടന്നത്.ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആഥിധേയത്വം വഹിച്ചതിന് പുറമെ ബ്രിക്‌സ് ഉച്ചകോടിയും വിജയകരമാക്കി തീര്‍ക്കാന്‍ ബ്രസീല്‍ ഭരണകൂടത്തിന് സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസന ബാങ്കിന് തുടക്കം കുറിക്കാനുള്ള നടപടിയിലൂടെ ആറാം ബ്രിക്‌സ് ഉച്ചകോടിക്ക് ചരിത്ര പ്രാധാന്യം കൈവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.