Connect with us

Kerala

മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിശോധന 17ന്

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിശോധന ഈ മാസം 17ന് നടത്താന്‍ തീരുമാനമായി. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ചാണ് സമിതിയുടെ ആദ്യയോഗം ചേര്‍ന്നത്. കേന്ദ്ര ജലകമ്മിഷന്‍ ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍ എ വി നാഥന്‍ ചെയര്‍മാനും സംസ്ഥാന ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എം സായികുമാര്‍ എന്നിവരുമാണ് സമിതിയിലുള്ളത്. സമിതിയുടെ പ്രവര്‍ത്തനത്തിനായി കുമിളിയില്‍ ഓഫീസ് തുറക്കാനും ധാരണയായി.
സുപ്രീംകോടതി വിധി അനുസരിച്ച് മേല്‍നോട്ട സമിതിക്ക് ഓഫീസ് സൗകര്യം കേരളം ഒരുക്കണമെന്നും അതിന്റെ ചെലവ് തമിഴ്‌നാട് വഹിക്കുകയും വേണമെന്നായിരുന്നു. എന്നാല്‍, സമിതി രൂപീകരിച്ച അവസരത്തില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള ഡാം സൈറ്റില്‍ ഓഫീസ് തയാറാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ കേരളം ശക്തമായ നിലപാടെടുത്തിരുന്നു.