Connect with us

Ongoing News

ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി

Published

|

Last Updated

ബ്രസീലിയ:ലോകകപ്പ് അന്ത്യഘട്ടത്തിലേക്ക് കടന്നു.അവസാന നാലില്‍ രണ്ട് വീതം ലാറ്റിന്‍-യൂറോപ്പ്യന്‍ ശക്തികള്‍.മൂന്ന് ലോകചാമ്പ്യന്‍മാര്‍.രണ്ട് സെമികളും ലാറ്റിന്‍-യൂറോപ്പ്യന്‍ പോരാട്ടമാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
അഞ്ച് തവണ ലോകകപ്പ് നേടിയ ആതിഥേയരായ ബ്രസീലിനെ നേരിടുന്നത് മൂന്ന് തവണ ചാമ്പ്യന്‍മാരായ ജര്‍മനി.2002 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതിന് ശേഷം ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം.സൂപ്പര്‍ താരം നെയ്മര്‍ നട്ടെല്ലിന് പരിക്കേറ്റ് പുറത്തിരിക്കുന്നത് കാനറികള്‍ക്ക് തിരിച്ചടിയാണ്.നാല് ഗോളുമായി ബ്രസീലിനെ മുന്നോട്ട് നയിച്ച് പ്രതീക്ഷ കാത്തത് നെയ്മര്‍ ആയിരുന്നു.എന്നാല്‍ ഈ ലോകകപ്പില്‍ നെയ്മര്‍ ഇനി കളിക്കില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.നെയ്മറിനു പുറമേ ക്യാപ്റ്റന്‍ തിയാഗോ സില്‍വക്കും സെമി നഷ്ടമാകുന്നത് മഞ്ഞപ്പടയ്ക്ക് കൂനിന്‍ മേല്‍ കുരുവായി.രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതാണ് തിയാഗോ സില്‍വയ്ക്ക് തിരിച്ചടിയായത്.എല്ലാ പ്രതിസന്ധികളേയും മറികടന്ന് കാനറികള്‍ ഫൈനലിലേക്ക് ചിറകടിച്ച് പറക്കുമോ എന്നു കാത്തിരുന്നു കാണണം.
മറുവശത്ത് ജര്‍മനിക്ക് 2002ലെ കണക്ക് തീര്‍ക്കാനുണ്ട്.ജപ്പാന്‍-കൊറിയ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് ബ്രസീല്‍ ജര്‍മനിയെ തകര്‍ത്ത് ചാമ്പ്യന്‍മാരായത്.പഴയ പ്രതാപ കാലത്തിന്റെ നിഴലിലാണ് ബ്രസീലെങ്കിലും അന്ന് ജര്‍മനിയെ തകര്‍ക്കാന്‍ തന്ത്രങ്ങളൊരുക്കിയ സ്‌കൊളാരി തന്നെയാണ് ഇന്ന് ബ്രസീലിന്റെ കോച്ച്.സ്‌കൊളാരിയോടും കണക്ക് തീര്‍ക്കുകയാകും ജര്‍മനിയുടെ ലക്ഷ്യം.മാത്രമല്ല മിറോസ്ലാവ് ക്ലോസെക്ക് റൊണാള്‍ഡോയുടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയതാരം എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഒരു ഗോള്‍ മതി.അതുകൂടി നേടാനായാല്‍ ജര്‍മനിക്ക് ഇരട്ടി മധുരമാകും.ജര്‍മനിയുടെ ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തത്.എന്നാല്‍ ക്ലോസെ പഴയ ഫോമിലല്ലാത്തതിനാല്‍ ടീമിലെ സ്ഥാനം തുലാസിലാണ്.ഓസിലും മുള്ളറും ഷൈ്വന്‍സ്റ്റീഗറും അടങ്ങിയ ജര്‍മന്‍പടക്ക് ആദ്യ മത്സരങ്ങളിലെ മികവ് പിന്നീട് പുറത്തെടുക്കാനായില്ല. പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയക്കെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെയും ഹമല്‍ നേടിയ ഒരു ഗോളിന് കടന്നുകൂടുകയായിരുന്നു.തുടര്‍ച്ചയായ നാലാം തവണയാണ് ജര്‍മനി ലോകകപ്പ് സെമിയിലെത്തുന്നത്.എന്തായാലും ലോകകപ്പ് ചരിത്രത്തില്‍ മികച്ച റെക്കോര്‍ഡുകളുള്ള ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ മത്സരം പ്രവചനാതീതം.ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് മത്സരം.

മെസ്സിയുടെ ചിറകിലേറി വരുന്ന അര്‍ജന്റീനയും ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഹോളണ്ടുമാണ് രണ്ടാം സെമി.1998ലോകകപ്പില്‍ ക്വാര്‍ട്ടറിലാണ് ഇരു ടീമുകളും അവസാനമായി ലോകകപ്പില്‍ മുഖാമുഖം വന്നത്.അന്ന് അര്‍ജന്റീനയെ തകര്‍ത്ത് ഹോളണ്ട് സെമിയിലേക്ക് മുന്നേറി.1978 ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടത് ഹോളണ്ടിനെ നിലംപരിശാക്കിയാണ്.മെസ്സിക്കു പുറമേ ഡി മാരിയയും ഹിഗ്വയ്‌നും ഫോമിലെത്തിയത് അര്‍ജന്റീനക്ക് ആശ്വാസമാണ്.1990 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് അര്‍ജന്റീന സെമിയിലെത്തുന്നത്.1986ല്‍ മറഡോണയുടെ നേതൃത്വത്തില്‍ കിരീടം നേടിയതിനു ശേഷമുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിന് മെസ്സിയും സംഘവും അറുതി വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.മറുവശത്ത് മികച്ച ടീമെന്ന പേര് എല്ലാക്കാലത്തും നിലിനിര്‍ത്തിയിട്ടും ലോകകപ്പ് കിട്ടാക്കനിയായി തുടരുന്ന ചരിത്രം മാറ്റാന്‍ ഉറച്ചാണ് ഡച്ച് പട ഇറങ്ങുന്നത്.അതിന് അവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ്പയാണ് അര്‍ജന്റീന.അര്‍ജന്റീനയെ തകര്‍ത്താല്‍ ഫൈനലില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.ആര്യന്‍ റോബനും വാന്‍ പേഴ്‌സിയും സ്‌നൈഡറും ഫോമിലാണെങ്കിലും സ്വന്തമായി സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച് ഗോള്‍ മുഖത്ത് പാസ് നല്‍കാന്‍ മടിക്കുന്നത് തുടര്‍ന്നാല്‍ ഡച്ച് പടക്ക് നിരാശയായിരിക്കും ഫലം.തുല്യശക്തികളുടെ പോരാട്ടം ബ്രസീലിന്റെ കളി മൈതാനത്തെ ആവേശം കൊള്ളിക്കുമെന്നുറപ്പ്.ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ്  പോരാട്ടം.