പ്രഥമ പരിസ്ഥിതി സൗഹൃദ മസ്ജിദ് ഈ മാസം തുറക്കും

Posted on: July 2, 2014 8:49 pm | Last updated: July 2, 2014 at 8:49 pm

masjidദുബൈ: ദുബൈയില്‍ ആദ്യത്തെ പരിസ്ഥിതിക്കിണങ്ങിയ പള്ളി റമസാന്‍ പകുതിയോടെ വിശ്വാസികള്‍ക്ക് നിസ്‌കാരത്തിനായി തുറന്നുകൊടുക്കും. യു എ ഇയിലെ ആദ്യ ഹരിത മസ്ജിദ് കൂടിയാണിത്.
അമേരിക്കന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (യു എസ് ജി സി സി) മുന്നോട്ടുവെക്കുന്ന നിര്‍മാണ നിയമങ്ങളനുസരിച്ച് നിര്‍മിക്കപ്പെട്ട മസ്ജിദ് ഖലീഫ അല്‍ താജിര്‍ പോര്‍ട്ട് സഈദ് മേഖലയിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 3,788 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദ് ഒരു ലക്ഷത്തി അയ്യായിരം ചതുരശ്രയടിയിലാണ് നിര്‍മിച്ചിട്ടുള്ളത്.
മറ്റു പള്ളികളെ അപേക്ഷിച്ച് 20 ശതമാനം വെള്ളവും 25 ശതമാനം വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കുന്ന സാങ്കേതികതയിലാണ് കെട്ടിട നിര്‍മാണം. പരിസ്ഥിതിക്കിണങ്ങിയ വസ്തുക്കളാണ് പള്ളിയുടെ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. ദുബൈയിലെ മുഴുവന്‍ പള്ളികളും പരിസ്ഥിതിക്കിണങ്ങിയ പള്ളികളാക്കി മാറ്റാനുള്ള നീക്കങ്ങളാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.