Connect with us

Ongoing News

ബഫര്‍ സോണില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ നീക്കം

Published

|

Last Updated

പത്തനംതിട്ട: പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രത്യേക സംരക്ഷണ മേഖലയില്‍ (ബഫര്‍ സോണ്‍) ഹെലിപ്പാഡ് നിര്‍മിക്കാന്‍ നീക്കം.
റാന്നി വനം ഡിവിഷനില്‍പ്പെട്ട ളാഹക്കും നിലക്കലിനും ഇടയിലുള്ള പ്രദേശത്താണ് ഹെലിപ്പാഡ് നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. ശബരിമലയുടെ അടിവാരമായ ഇവിടെ വിദൂര സ്ഥലങ്ങളില്‍ നിന്ന് വി ഐ പികള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിനാണ് ഹെലിപ്പാഡ് നിര്‍മിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏവിയേഷന്‍ കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപറേറ്റിംഗ് കമ്പനിയുമാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ഇവിടെ പരീശിലന പറക്കല്‍ നടത്തിയും ഏവിയേഷന്‍ കമ്പനി അതികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീര്‍ഥാടകരെ എത്തിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇത് നിര്‍ത്തിവെക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് മുപ്പത് മിനിറ്റുകൊണ്ട് പമ്പയില്‍ തീര്‍ഥാടകരെ എത്തിക്കുകയായിരുന്നു പദ്ധതികൊണ്ട് വിഭാവനം ചെയ്തിരുന്നത്. അതേ സമയം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രത്യേക സംരക്ഷിത ഭാഗമായതിനാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ ഇതൊന്നും പാലിക്കാതെയാണ് ഹെലിപ്പാഡ് നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റബര്‍ ഉത്പ്പാദന കമ്പനിയുടെ ഭൂമിയിലാണ് ഹെലിപ്പാഡ് നിര്‍മിക്കാന്‍ ഉദ്യേശിക്കുന്നതെന്നാണ് സൂചന.
ഇതിനായി കഴിഞ്ഞ ദിവസം പ്രദേശത്ത് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള റൂട്ട് മാപ്പിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഹെലിപ്പാഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ സമീപത്തുള്ള വനം ഭൂമിയിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഹെലിക്കോപ്ടറില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം വന്യമൃഗങ്ങളുടെ ജീവിതക്രമത്തെ തകിടം മറിക്കുമെന്നും ആശങ്കയുണ്ട്.