Connect with us

Ongoing News

ബാംഗ്ലൂരില്‍ കളം വാഴുന്നത് ആധാറും ടെക്‌നോളജിയും

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. കര്‍ണാടകയുടെ തലസ്ഥാനം. ഹൈടെക് നഗരമായ ബംഗളൂരുവില്‍ ഇത്തവണ തിരഞ്ഞെടുപ്പിന് അല്‍പ്പം ചൂട് കൂടുതലാണ്. തുടര്‍ച്ചയായി അഞ്ച് തവണ ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ ബി ജെ പി സ്ഥാനാര്‍ഥി എച്ച് എന്‍ അനന്ത്കുമാറിനെതിരെ ഇത്തവണ കോണ്‍ഗ്രസ് രംഗത്തിറക്കിയത് നന്ദന്‍ നീലേകനിയെയാണ്. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാള്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ആധാര്‍ പദ്ധതിയുടെ കേന്ദ്ര ബിന്ദുവാണ് നീലേകനി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നമ്പറിടാന്‍ മുന്നോട്ടുവന്ന നീലേകനി ഒടുവില്‍ ആ സ്ഥാനം രാജിവെച്ചാണ് കോണ്‍ഗ്രസിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ശിശുക്ഷേമ പ്രവര്‍ത്തകയായ നീന നായ്ക്കും ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മനുഷ്യാവകാശ പ്രവര്‍ത്തക രൂത്ത് മനോരമയും കൂടി രംഗത്തെത്തിയതോടെ ബംഗളൂരുവില്‍ ഇത്തവണ പോരാട്ടം കനക്കും. എ എ പി, ജെ ഡി എസ് ഉള്‍പ്പെടെ 23 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടെങ്കിലും യഥാര്‍ഥ പോരാട്ടം കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ തന്നെ.

1996 മുതല്‍ നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റിലെത്തിയ അനന്ത്കുമാറിന് ഇത്തവണ വിജയം അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ വ്യക്തമാകുന്നത്. വിദ്യാ സമ്പന്നരായ യുവാക്കളെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടാണ് നീലേകനിയുടെ പ്രവര്‍ത്തനം. ആധാര്‍ തന്നെയാണ് ഇവിടെ ബി ജെ പിയുടെ പ്രധാന പ്രചാരണായുധം. ആധാറിന് വേണ്ടി ശേഖരിച്ച മുഴുവന്‍ വിവരങ്ങളും രാജ്യത്തിന് പുറത്താണ് ശേഖരിച്ചിട്ടുള്ളതെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നുമാണ് ബി ജെ പി വാദിക്കുന്നത്. 89നു ശേഷം നടന്ന ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം കോണ്‍ഗ്രസിനെ തുണച്ചിട്ടില്ലെന്നത് ബി ജെ പി ക്യാമ്പില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
മത്സരം ശക്തമാണെന്ന് മനസ്സിലാക്കിയതോടെ നീലേകനിയുടെ ഭാര്യയും വോട്ട് പിടിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് നീലേകനിക്ക് പിന്തുണയുമായി എത്തിയതോടെ സാഹിത്യ ലോകത്തെ കൂടുതല്‍ വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. റോഡ് ഷോകള്‍ നടത്തിയും കോളജുകളും ചേരികളും സന്ദര്‍ശിച്ചുമാണ് നീലേകനിയുടെ പ്രചാരണം മുന്നോട്ടു പോകുന്നത്. ഏഴായിരം കോടിക്ക് മുകളില്‍ ആസ്തിയുള്ള സ്ഥാനാര്‍ഥിയാണെങ്കിലും സാധാരണ വാഹനങ്ങളില്‍ തന്നെയാണ് നീലേകനിയുടെ റോഡ് ഷോകള്‍ അരങ്ങ് തകര്‍ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അനന്ത്കുമാറിനെ മണ്ഡലത്തില്‍ കണ്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനിയും ബി ജെ പിക്ക് വേണ്ടി പ്രചാരാണ രംഗത്ത് സജീവമായുണ്ട്. നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാണ് അനന്ത്കുമാര്‍ ഇത്തവണ രംഗത്തുള്ളത്. ഈ തിരഞ്ഞടുപ്പില്‍ ദേശീയ താത്പര്യം കണക്കിലെടുക്കണമെന്നാണ് അനന്ത്കുമാര്‍ അഭ്യര്‍ഥിക്കുന്നത്.
എട്ട് നിയമസഭാ മണ്ഡലങ്ങളാണ് ബംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ നാലെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെയും ശേഷിക്കുന്ന നാലെണ്ണം ബി ജെ പിയുടെയും കൈവശമാണ്. ബ്രാഹ്മണ, വൊക്കാലിംഗ, മുസ്‌ലിം സമുദായങ്ങളാണ് ഇവിടെ പ്രധാനമായുള്ളതെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരുടെ വോട്ടുകളും ഇവിടെ നിര്‍ണായകമാണ്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇവിടെ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. ഈ മാസം പതിനേഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.

 

Latest