പുതുപ്പണത്ത് എസ് ഡി പി ഐ -യൂത്ത് ലീഗ് സംഘര്‍ഷം; അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: April 13, 2014 9:58 am | Last updated: April 13, 2014 at 9:58 am

sdpi-muslim-league-clashവടകര: പുതുപ്പണം കറുകയിലിലുണ്ടായ എസ് ഡി പി ഐ- യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരായ കേരന്റെവിട അസീസ് (27), നാറത്ത് റിയാസ് (28), വടക്കെ മണിയോത്ത് മുബഷിര്‍ (25), എസ് ഡി പി ഐ പ്രവര്‍ത്തകരായ പള്ളിത്താഴത്ത് അഫ്‌സല്‍ (21), പള്ളിത്താഴ റഈസ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ വാഹനത്തിലെത്തിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകനായ പുതുപ്പണം കറുകയില്‍ കുയിമ്പില്‍ അന്‍സാറി(32)നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരെ യു ഡി എഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.