Connect with us

Palakkad

നെല്ലറയില്‍ അവകാശവാദവുമായി ഇരുമുന്നണികളും

Published

|

Last Updated

പാലക്കാട്: വോട്ടെടുപ്പിന് ശേഷം കൂട്ടിക്കിഴിക്കലുകള്‍ തുടങ്ങിയതോടെ നെല്ലറയില്‍ അവകാശവാദവുമായി എല്‍ ഡി എഫും യു ഡി എഫും. പട്ടാമ്പി ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗാണ ്‌യു ഡി എഫിന്റെ പ്രതീക്ഷ. ശക്തി കേന്ദ്രങ്ങളിലെ ഉയര്‍ന്ന വോട്ടാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. വോട്ട്‌ചോര്‍ന്നിട്ടില്ലെന്നാണ് ബി ജെ പി നേതാക്കളുടെ വാദം.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആകെ പോള്‍ ചെയ്ത വോട്ടിനെ അടിസ്ഥാനമാക്കിയാണ് മുന്നണികള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിലവിലുള്ള കണക്കുപ്രകാരം ആകെ ചെയ്ത വോട്ട് 76 ശതമാനമാണ്. 2009 ലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പല മണ്ഡലങ്ങളിലും ഏറിയും കുറഞ്ഞുമാണ് വോട്ടുഘടന. പട്ടാമ്പിയിലും മണ്ണാര്‍ക്കാട്ടും പോളിംഗ് ശതമാനം കൂടിയപ്പോള്‍ സി പി എമ്മിന്റെ കുത്തക മണ്ഡലമായ മലമ്പുഴയില്‍ ഒരു ശതമാനം വോട്ട് കുറഞ്ഞു.
ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും മൂന്ന് ശതമാനം വോട്ടുകൂടിയതാണ് എല്‍ ഡി എഫ് ക്യാമ്പുകളുടെ പ്രതീക്ഷ. എം ആര്‍ മുരളിയുടെ തിരിച്ചുവരവ് എം ബി രാജേഷിന്റെ് ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. കോങ്ങാട് നിയമസഭാ മണ്ഡലമാകട്ടെ ഇരുമുന്നണികളോടും തുല്യ മനോഭാവമാണ് പ്രകടിപ്പിച്ചത്. പാലക്കാട് മണ്ഡലത്തില്‍ ഒരു ശതമാനം മാത്രമാണ് പോളിംഗ് കൂടിയത്. ബി ജെ പിക്ക് ഏറെ വേരോട്ടമുളള മണ്ണില്‍ വോട്ട് ലക്ഷം കവിയുമെന്ന വിശ്വാസത്തിലാണ് സ്ഥാനാര്‍ഥി ശോഭാസുേരന്ദ്രനും പാര്‍ട്ടിപ്രവര്‍ത്തകരും. അട്ടപ്പാടിയില്‍ നിന്ന് ബി ജെ പിക്ക് വോട്ട് കൂടുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ യു ഡി എഫില്‍ അടിയൊഴുക്കുകള്‍ ഉണ്ടായ പട്ടാമ്പി, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടിംഗ് ശതമാനം വര്‍ധിച്ചത് ഗുണം ചെയ്യുമെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ പോളിംഗ് ശതമാനമാണ് ഈ മണ്ഡലങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
2011ല്‍ പട്ടാമ്പിയില്‍ 76 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ അത് 77.5 ശതമാനമായി ഉയര്‍ന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 72.3ല്‍ നിന്നും 74.4 ആയി ഉയര്‍ന്നു. കോങ്ങാടും ഇതിന് സമാനമായ രീതിയില്‍ തന്നെയാണ് വോട്ട് ഉയര്‍ന്നിട്ടുള്ളത്.
യു ഡി എഫിന് കൃത്യമായ ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങളില്‍ വോട്ട് ഉയര്‍ന്നത് അവരുടെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുമ്പോള്‍ ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും വോട്ട് കൂടിയതാണ് എല്‍ ഡി എഫ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ മലമ്പുഴയില്‍ കാര്യമായ വര്‍ധനവില്ലാത്തതും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ചേരിതിരിവും തിരിച്ചടിയാകുമോയെന്ന ആശങ്കയും എല്‍ ഡി എഫ് നേതാക്കള്‍ക്കിടയിലുണ്ട്.
ബി ജെ പി വോട്ട് പൂര്‍ണമായും ശോഭാ സുരേന്ദ്രന്‍ നേടുകയാണെങ്കില്‍ മാത്രമേ ഇത്തവണ എല്‍ ഡി എഫിന് വിജയം ഉറപ്പിക്കാന്‍ കഴിയൂവെന്നും സി പി എം നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ബി ജെ പിയിലെ അസംതൃപ്ത വിഭാഗത്തിന്റെ വോട്ട് എം പി വീരേന്ദ്രകുമാര്‍ നേടുകയാണെങ്കില്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട പാലക്കാട് മണ്ഡലം യു ഡി എഫ് പിടിച്ചേക്കും.
ആലത്തൂര്‍ മണ്ഡലത്തിലെ പോളിംഗ് ശതമാനവര്‍ധനയില്‍ ഇരുമുന്നണികളും പ്രതീക്ഷ പുലര്‍ത്തുകയാണ്. അട്ടിമറി വിജയത്തിന്റെ സൂചനയാണ് വോട്ടിംഗിലെ വര്‍ധനയെന്ന് യു ഡി എഫ ്അവകാശപ്പെടുമ്പോള്‍, ഇത്തവണ ഭൂരിപക്ഷം ഇരട്ടിയിലധികമാകുമെന്ന് എല്‍ ഡി എഫ് ആവര്‍ത്തിക്കുന്നു.
സംസ്ഥാനത്ത് ഉറപ്പുള്ള സീറ്റുകളില്‍ ഒന്നായി സി പി എം പരിഗണിക്കുന്ന ആലത്തൂര്‍ ഇത്തവണ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ യു ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ യു ഡി എഫിനൊപ്പമുള്ള ചിറ്റൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ പോളിംഗ് വര്‍ധിച്ചത് ഗുണമാണെന്നാണ് യു ഡി എഫ് വിലയിരുത്തല്‍. ചിറ്റൂരില്‍ കഴിഞ്ഞ തവണ യു ഡി എഫിനൊപ്പം ഉണ്ടായിരുന്ന ജനതാ ദള്‍ ഇത്തവണ എല്‍ ഡി എഫിനൊപ്പമാണ്. രണ്ട് ശതമാനമാണ് ഇവിടെ പോളിംഗ് വര്‍ധന. സി പി എമ്മിന്റെ കോട്ടകളായി കരുതുന്ന തരൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളില്‍ പോളിംഗിലുണ്ടായ കുറവ് നിഷ്പക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതുകൊണ്ടാണെന്നാണ് യു ഡി എഫ് നേതാക്കളുടെ വാദം.

 

---- facebook comment plugin here -----

Latest