ക്രിക്കറ്റ് ചൂട് തുടങ്ങുന്നു

Posted on: March 16, 2014 6:00 am | Last updated: March 16, 2014 at 2:11 am

icc t20മിര്‍പുര്‍: ഇരുപതോവര്‍ ക്രിക്കറ്റിലെ പുതുരാജാക്കന്‍മാരെ തേടിയുള്ള യാത്ര ഇന്നാരംഭിക്കും. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യ മുതല്‍ കഴിഞ്ഞതവണ കിരീടമുയര്‍ത്തിയ വെസ്റ്റിന്‍ഡീസ് വരെയുള്ള ചാമ്പ്യന്‍മാരുടെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആവേശപ്പോര്. ഐ സി സിയുടെ ഏറ്റവും ആവേശകരമായ ടി20 ലോകകപ്പിന് ബംഗ്ലാദേശാണ് ആതിഥേയത്വം വഹിക്കുന്നത്. ഏപ്രില്‍ ആറിനാണു ഫൈനല്‍. ഇതിനിടെ മൂന്നു വേദികളിലായി 35 മല്‍സരങ്ങള്‍. വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ബൗളര്‍മാരുടെ തീപ്പൊരിയേറും ഫീല്‍ഡര്‍മാരുടെ മാസ്മരികതയും ചേരുന്ന ദിനരാത്രങ്ങള്‍.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ മത്സരങ്ങളാണ് ഇന്നാരംഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള ടീമുകള്‍ അണിനിരക്കുന്ന സൂപ്പര്‍ ടെന്‍ റൗണ്ട് മത്സരങ്ങള്‍ 21ന് ആരംഭിക്കും. യോഗ്യതാ റൗണ്ടിലെ രണ്ട് ജേതാക്കള്‍ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ ടെന്‍.
യോഗ്യതാ റൗണ്ടില്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഹോങ്കോംഗ് ടീമുകള്‍ എ ഗ്രൂപ്പില്‍. സിംബാബ്‌വെ, അയര്‍ലന്‍ഡ്, യുഎഇ, ഹോളണ്ട് ടീമുകള്‍ ബി ഗ്രൂപ്പില്‍. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലും ഹോങ്കോംഗും നേപ്പാളും തമ്മിലും ഇന്ന് രണ്ടു പോരാട്ടങ്ങള്‍. 21 വരെ നീളുന്ന യോഗ്യതാ റൗണ്ടില്‍നിന്നു രണ്ടു ടീമുകള്‍ സൂപ്പര്‍ ടെന്നിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ടെന്‍ ടീമുകളെയും രണ്ടു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകള്‍ക്കൊപ്പം യോഗ്യതാ റൗണ്ടില്‍നിന്നെത്തുന്ന ഒരു ടീം.
ഗ്രൂപ്പ് രണ്ടില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യ, പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ ടീമുകളും യോഗ്യതാ റൗണ്ട് കടന്നെത്തുന്ന ഒരു ടീമും.
ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കാണ് കിരീട സാധ്യത. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകളും മികച്ചതു തന്നെ. സമീപകാല ഫോമില്‍ ഇന്ത്യയുടെ സാധ്യത വിദൂരത്താണ്. പ്രത്യേകിച്ച് ഒരു ടീം എന്ന നിലയില്‍ ഇന്ത്യ രാജ്യാന്തര ട്വന്റിയില്‍ കാര്യമായ മത്സരപരിചയം ലോകകപ്പിന് മുമ്പുണ്ടാക്കിയിട്ടില്ല. ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയും ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പരയും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു. ടൂര്‍ണമെന്റ് ഇന്ത്യന്‍ ഉപദ്വീപില്‍ നടക്കുന്നത് മാത്രമാണ് ഇന്ത്യക്ക് അനുകൂല ഘടകം.
ജോര്‍ജ് ബെയ്‌ലി നേതൃത്വം നല്‍കുന്ന ആസ്‌ത്രേലിയ അവരുടെ കന്നി ടി20 കിരീടമാണ് ലക്ഷ്യമിടുന്നത്. ഡേവിഡ് വാര്‍നര്‍, ആരോന്‍ ഫിഞ്ച്, ഷെയിന്‍ വാട്‌സന്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരക്ക് കരുത്തായി വെറ്ററന്‍ താരങ്ങളായ ബ്രാഡ് ഹോഗും ഹോഡ്ജും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്നു. കോറി ആന്‍ഡേഴ്‌സന്‍ എന്ന ആള്‍ റൗണ്ടര്‍ മതി ന്യൂസിലാന്‍ഡിന് ഏത് കൊലകൊമ്പനെയും വീഴ്ത്താന്‍. ആള്‍ റൗണ്ട് മികവ് കാണിക്കുന്ന നിരയായി കിവീസ് ലോകകപ്പിനെത്തുമ്പോള്‍ ശ്രീലങ്ക ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരുടെ തലയെടുപ്പോടെയാണ് വരുന്നത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വിവിധ ഫോര്‍മാറ്റില്‍ നാല് ലോകകപ്പുകളുടെ ഫൈനലില്‍ ലങ്ക കളിച്ചിട്ടുണ്ട്. നാല് തവണയും കിരീടനഷ്ടം. ഏഷ്യാ കപ്പ് ജയത്തോടെ, ആ ദുര്‍ഗതിക്ക് മാറ്റം വന്നുവെന്ന് ലങ്കക്കാര്‍ വിശ്വസിക്കുന്നു. ദില്‍ഷന്‍, ഏഞ്ചലോ മാത്യൂസ്, കുമാര സങ്കക്കാര, മഹേല ജയവര്‍ധന, ലാഹിരു എന്നിവര്‍ ബാറ്റിംഗ് കരുത്താണ്. ലസിത് മലിംഗ, അജന്ത മെന്‍ഡിസ് എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും.
വീഞ്ഞു പോലെ പഴക്കമേറും തോറും വീര്യം കൂടി വരുന്ന ആള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയാണ് പാക്കിസ്ഥാന്റെ ഹീറോ.
ഏഷ്യാ കപ്പില്‍ ഇന്ത്യയെയും ബംഗ്ലാദേശിനെയും തകര്‍ത്തെറിഞ്ഞ ബാറ്റിംഗ് പ്രകടനം മാത്രം മതി അഫ്രീദിയുടെ പ്രതിഭയറിയാന്‍.
ക്രിസ് ഗെയിലും സാമുവല്‍സും ഉള്‍പ്പെടുന്ന വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ പരമ്പര ജയിച്ചാണ് ലോകകപ്പിന് തയ്യാറെടുത്തത്. യോഗ്യതാ റൗണ്ട് കളിക്കുന്ന അഫ്ഗാനിസ്ഥാനെ സൂക്ഷിച്ചോളൂ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് വരവറിച്ചു കഴിഞ്ഞു അവര്‍.