കാട് കയറി നവോത്ഥാനം

Posted on: February 20, 2014 6:00 am | Last updated: February 19, 2014 at 9:55 pm

ISLAMകേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനം സാധ്യമാക്കിയതാര്? വാഗ്വാദങ്ങള്‍ തുടരുകയാണ്. നവോത്ഥാനമെന്ത് എന്നതിലുമുണ്ട് തര്‍ക്കവിതര്‍ക്കങ്ങള്‍. മതപരിഷ്‌കരണം നവോത്ഥാനമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈയിടെ എടരിക്കോട്ടെ വയലിലും അല്‍പ്പം മുമ്പ് വയനാട്ടെ തോട്ടത്തിലും പന്തല്‍ കെട്ടിയവര്‍ നവോത്ഥാനത്തിന്റെ പിതൃത്വം കട്ടായമായി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടെ ബൈപാസിന് സമന്തരമായി പന്തല്‍ കെട്ടി മറ്റൊരു കൂട്ടര്‍ നവോത്ഥാനത്തെ ഇറുക്കിപ്പിടിച്ച് പിതൃത്വം തെളിയിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ ഐക്യവിലാസം പുരയിടവും ഹീലത്തുര്‍രിബ പരിഷ്‌കരണവുമെല്ലാം ഇരുവിഭാഗവും ഒരു പോലെ അവകാശപ്പെടുന്നുണ്ട്. അദൃശ്യ ശക്തികളുടെ സഹായത്തോടെ നവോത്ഥാനത്തിന്റെ സര്‍വ പൈതൃകവും സ്ഥാപിച്ചെടുത്തും അത് മാത്രം തങ്ങള്‍ വിട്ടുതരില്ലെന്ന് ചങ്ക് പൊട്ടിപ്പറഞ്ഞും ജിന്ന് വിഭാഗം അരക്കും മുന്നായിക്കും തെരുവ് യോഗങ്ങള്‍ നടത്തുന്നുണ്ട്. കൂരിയാട്ടെ പാടത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നവോത്ഥാന ജലധാര ഹിറാ ഗുഹയില്‍ ഒഴുകി പരന്നത്. സമുദായത്തില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ഉത്ഥാനോദ്യമങ്ങള്‍ ആരംഭിക്കുന്നത് തൊള്ളായിരത്തി അറുപതുകള്‍ക്ക് ശേഷമാണെന്നും നവോത്ഥാനത്തെ വിടുന്ന പ്രശ്‌നമില്ലെന്നും കൂരിയാട്ടെ പാടത്തെ ആടച്ചളിയില്‍ അന്ന് ഉറപ്പിച്ചു സ്ഥാപിച്ചതാകുന്നു. ഏക് കുഞ്ഞന്‍. കിത്‌നാ അച്ഛന്‍? ബഹുത്ത് ബഹുത്ത് അച്ഛാഹേ.
നവോത്ഥാനത്തിന്റെ മുന്‍പേ നടന്ന നേതാക്കളുടെ പേര് വിവരം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. എടരിക്കോട്ടെ വരമ്പത്താണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദും (മരണം 1583), ഉമര്‍ ഖാളി (1759-1825), മമ്പുറം സയ്യിദ് അലവി തങ്ങള്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ മുന്‍പേ നടന്ന മഹാരഥന്‍മാരാണു പോല്‍. പുകഴ് പെറ്റ നവോത്ഥാന ചരിത്രങ്ങളിലൊന്നും ഇവരുടെ പേരുകള്‍ ഇക്കാലം വരെ പറയാതെ പോയത് കാര്യമാക്കേണ്ടതില്ല. യഥാസ്ഥികന്‍മാര്‍ നവോത്ഥാനം കൈയേറ്റെടുക്കുന്നതിലും നല്ലത് അവരില്‍ ചിലരെ കൂട്ടിപ്പിടിച്ചാണെങ്കിലും നമ്മുടെ സഞ്ചിയില്‍ തന്നെ അതിനെ സൂക്ഷിക്കുന്നതാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയില്‍ നിന്നോ മറ്റോ ചൊല്ലിത്തുടങ്ങാറുള്ള നവോത്ഥാന നായകരുടെ പട്ടിക സൈനുദ്ദീന്‍ മഖ്ദുമിലേക്കും ഉമര്‍ ഖാസിയിലേക്കുമൊക്കെ നീളുന്നത് മനഃസമ്മതത്തോടെയാണെന്ന് വിചാരിക്കരുത്. ഗതികെട്ട് പോകുമ്പോള്‍ പുലി പുല്ല് തിന്നു പോകുമല്ലോ.
ബഹുദൈവ വിശ്വാസത്തിലും അന്ധവിശ്വാസനാചാരങ്ങളിലും അകപ്പെട്ടുപോയ മുസ്‌ലിംകളെ നന്നാക്കിയെടുത്ത് ഏകദൈവ വിശ്വാസത്തിലേക്കും സദാചരങ്ങളിലേക്കും പുനഃപ്രവേശം നടത്തുന്നതാണ് നവേത്ഥാനമെന്ന് സുസമ്മതരായ നവോത്ഥാന വ്യാഖ്യാതാക്കള്‍ പറഞ്ഞുതരുന്നുണ്ട്. ഇങ്ങനെയെങ്കില്‍ സൈനുദ്ദീന്‍ മഖ്ദൂമും ഉമര്‍ ഖാസിയുമൊക്കെ എങ്ങനെ നവോത്ഥാനത്തിന്റെ മുന്‍പേ നടന്നവരാകുമെന്ന ചോദ്യമുയരുന്നത് കുറേ കാലമായി കണ്ടില്ലെന്നും കേട്ടില്ലെന്നും വെച്ച് പോകുകയാണ്. എന്ത് ചെയ്യാന്‍? സുന്നികള്‍ ഇപ്പോള്‍ അത്തരം ചോദ്യങ്ങള്‍ അല്‍പ്പം ഉച്ചത്തില്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
നവോത്ഥാനത്തിന്റെ കാലവും കാല്‍പ്പാടും തേടി കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നായക നിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം നടത്തി നോക്കിയപ്പോള്‍ അതാ ഒന്നാം നിരയില്‍ വന്നു നില്‍ക്കുന്നു സയ്യിദ് അലവി തങ്ങളും ഉമര്‍ ഖാളിയും സൈനുദ്ദീന്‍ മഖ്ദുമുമാരും. പ്രാര്‍ഥനയിലും ആരാധനയിലും അല്ലാഹുവിന് പുറമെ മറ്റാരേയും പങ്ക് ചേര്‍ക്കാനോ അവരില്‍ നിന്ന് സഹായം ആഗ്രഹിക്കാനോ പാടില്ലെന്ന തൗഹീദ് വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പണ്ഡിതനും നേതാവുമായിരുന്നു ഉമര്‍ ഖാസി എന്ന് നവോത്ഥാന ഗവേഷകന്‍ പി എം എ ഗഫൂര്‍ വ്യക്തമാക്കുന്നുണ്ട്. (കാലവും കാല്‍പ്പാടും പേജ് 30) ശുഷ്‌കിച്ച വായനയുടെ ഫലമായിരിക്കാം ഇത.് പുതിയ നവോത്ഥാനത്തില്‍ വായന പാടില്ലല്ലോ. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍പേ നടക്കുകയും അതിനെ തന്ത്രപരമായി പിളര്‍ത്തിയെടുത്തതില്‍ പിന്നെ, മുന്‍പേ നടക്കുകയും ചെയ്യുന്ന നായകനാണ് ഡോ. ഇ കെ അഹ്മദ് കുട്ടി. നഫാഇസുദ്ദുറര്‍ (അമൂല്യ മുത്തുകള്‍) എന്ന ഉമര്‍ ഖാസിയുടെ കാവ്യ സമാഹാരത്തിന് ഇദ്ദേഹമെഴുതിയ വ്യാഖ്യാനം 2006ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രബന്ധത്തില്‍ ഉമര്‍ ഖാസി ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) വെച്ച് പുലര്‍ത്തുന്ന വ്യക്തിയാണെന്ന് ഡോക്ടര്‍ തുറന്നുപറയുന്നു. ചില ഭാഗങ്ങള്‍ പുതിയ നവോത്ഥാന ഗവേഷകന്‍മാര്‍ വായിക്കുന്നത് നന്ന്. ”ഈ വരികളില്‍ കവി പ്രത്യക്ഷത്തില്‍, പരലോകത്ത് വെച്ചു തന്നെ സഹായിക്കണമെന്ന് നബി(സ)യോട് നേരിട്ട് പ്രാര്‍ഥിക്കുന്നതാണ് നാം കാണുന്നത്. അത് നബി(സ)യോടുള്ള സഹായ പ്രാര്‍ഥന (ഇസ്തിഗാസ)യാണ്. ഈ ഇസ്തിഗാസ ഇസ്‌ലാമികദൃഷ്ട്യാ നിഷിദ്ധമായ ശിര്‍ക്ക് ആണ്. അഭൗതികമായ നിലയില്‍ അല്ലാഹു അല്ലാത്ത ആരോടും, പ്രവാചകന്‍മാരോട് പോലും, പ്രാര്‍ഥിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ തൗഹീദിന്റെ നിഷേധമാണ്. (അത്തൗഹീദ് മാസിക 2006 – ജൂലൈ ആഗസ്റ്റ്) നവോത്ഥാനത്തിലെ പുത്തന്‍ ഗവേഷകന്റെ വേറിട്ട അന്വേഷണ പ്രകാരം പ്രാര്‍ഥനയിലും ആരാധനയിലും അല്ലാഹുവിന് പുറമെ മറ്റാരേയും പങ്ക് ചേര്‍ക്കാനോ അവരില്‍ നിന്ന് സഹായം ആഗ്രഹിക്കാനോ പാടില്ലെന്ന വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉമര്‍ ഖാസി, നവോത്ഥാന പ്രസ്ഥാനത്തിന്റെ പുതിയ പ്രസിഡന്റിന്റെ പ്രബന്ധത്തില്‍ ബഹുദൈവവിശ്വാസിയായി അവതരിപ്പിക്കപ്പെടുന്നു. വൈരുധ്യമോ ആഭാസമോ ആണെന്ന് ധരിക്കരുത്. ഇതൊക്കെയാണ് പുതിയ നവോത്ഥാനത്തിന്റെ ഒരു സ്റ്റയില്‍. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുന്‍പേ നടന്ന നായകരില്‍ ഒന്നാമനായ ഉമര്‍ ഖാസി (റ) കടുത്ത ‘മുശ്‌രിക്’. ഇനിയൊരു നവോത്ഥാന നായകന്‍ സൈനുദ്ദീന്‍ മഖ്ദൂമാണ്. നവോത്ഥാനക്കാരുടെ വിശ്വാസത്തില്‍ മന്‍ഖൂസ് മൗലിദ് രചിച്ച് മുസ്‌ലിംകളെ ”ഇര്‍തക്ബതു” ശിര്‍ക്ക് പാടിച്ച കൊടിയ മുശ്‌രിക്. ഇദ്ദേഹമിപ്പോള്‍ നവോത്ഥാന നായകരുടെ മുന്‍ നിരയില്‍ വന്നുനില്‍ക്കുന്നു, എന്തൊരു അത്ഭുതം! ശിര്‍ക്ക് നവോത്ഥാനമാകുന്നു. മുശ്‌രിക് നവോത്ഥാനനായകനാകുന്നു. വൈരുധ്യങ്ങള്‍ ഒന്നുചേരുന്നു. ഇരുട്ടും വെളിച്ചവും ഐക്യപ്പെടുന്നു. ‘നവോത്ഥാനമേ, കാപട്യമേ’ എന്നൊക്കെ ആരും വിളിച്ചുപോകും. പക്ഷേ, അരുത്. നവോത്ഥാനത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിക്കല്‍ ശിര്‍ക്കാകുന്നു.
എന്താണ് നവോത്ഥാനം ? മതപരിഷ്‌കരണമാണോ? മതനവീകരണമാണോ? ഇതൊന്നുമല്ലെന്ന് വിശദീകരണമുണ്ട്. സി പി ഉമര്‍ സുല്ലമിയെ വായിക്കാം. ”മുജാഹിദുകള്‍ മത പരിഷ്‌കരണവാദികളല്ല. യഥാര്‍ഥ മതത്തെ പരിഷ്‌കരിക്കുകയല്ല അവര്‍ ചെയ്തത്. മറിച്ച് മതത്തില്‍ കടത്തിക്കൂട്ടിയ ഫസാദുകള്‍ നന്നാക്കിതീര്‍ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. (അഹ്‌ലുസ്സുന്ന വല്‍ജമാഅ, പേജ് 24) എടരിക്കോട്ടെ പൈതൃകവും ഇതു തന്നെ പറയുന്നു. അല്‍പ്പമൊന്നു വിശദീകരിക്കേണ്ടിവരും. അതായത് ഇസ്‌ലാം മതത്തില്‍ പലിശയില്ലാത്തത് കാരണം വലിയ ഫസാദുണ്ടായിരുന്നു. മുജാഹിദുകള്‍ ഐക്യ സംഘമെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട് ‘ഹീലത്തുര്‍രിബ’യുണ്ടാക്കി പലിശ ബേങ്ക് സ്ഥാപിച്ച് മതത്തെ ഒരു വിധം നന്നാക്കിയെടുത്തു, ഈ തരം ഇസ്‌ലാഹ് ശ്ശി, പിടിക്കാതെപോയ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് പലിശ ബേങ്ക് മൗലവിമാരെ ആട്ടിയ കഥ പറയുന്നുണ്ട് ഇ മൊയ്തു മൗലവി. പലിശക്ക് ഹീലത്ത് (കുയുക്തി) ചൊല്ലിക്കൊടുത്ത കെ എം മൗലവിയും കുതന്ത്രക്കാരെ ആട്ടിയ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും പില്‍ക്കാലത്ത് ഒരേ സമയം നവോത്ഥാന നായകരായി അവതരിപ്പിക്കപ്പെട്ടു. വൈരുധ്യമോ? ഛായ്! നവോത്ഥാനത്തില്‍ വൈരുധ്യമില്ല. നന്നാക്കിയെടുക്കല്‍ തുടരുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് പലിശ കലരാതെ ഭക്ഷിക്കുന്നതുമൂലം പാവപ്പെട്ടവര്‍ക്കിടയില്‍ വലിയ ഫസാദുണ്ടായിരുന്നു. പലിശ കൂട്ടിക്കലര്‍ത്തി സകാത്ത് വിതരണം ആരംഭിച്ചതോടെ സകാത്തും ഒരു വിധത്തില്‍ നന്നാക്കിയെടുത്തു. ജുമുഅ ഖുതുബ അറബിയില്‍ നിര്‍വഹിക്കുന്നത് മൂലം വലിയ ഫസാദാണ് പ്രവാചകശിഷ്യന്‍മാരും പൂര്‍വസൂരികളും ഉണ്ടാക്കിവെച്ചത്. സ്വഹാബികള്‍ ഉണ്ടാക്കിതീര്‍ത്ത ഈ ഫസാദ് മുജാഹിദുകള്‍ വന്ന ശേഷം അസ്സലായി നന്നാക്കിയെടുത്തു. ഉമര്‍ഖാസിയും മമ്പുറം തങ്ങളും സൈനുദ്ദീന്‍ മഖ്ദൂമുമാരും ഉള്‍പ്പെടെയുള്ള മുസ്‌ലിം പണ്ഡിതന്‍മാരും നേതാക്കളും മുസ്‌ലിംകളായി തുടരുന്നതില്‍ ഫസാദ് കണ്ടെത്തിയ നവോത്ഥാന വാദികള്‍ അതും നന്നാക്കിയെടുത്തു. ഉമര്‍ ഖാസി മുശ്‌രിക്കായി, സൈനുദ്ദീന്‍ മഖ്ദൂമുമാരില്‍ മതഭ്രഷ്ട് കെട്ടിയേല്‍പ്പിച്ചു, ആ ഭാഗം ഒരുവിധം നന്നാക്കിയെടുത്തു. എങ്ങെനെയുണ്ട് ഇസ്‌ലാഹ്?
ഇതാണ് നവോത്ഥാനത്തിലെ നന്നാക്കിയെടുക്കല്‍. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വേര്‍പെട്ട് പോയി മുസ്‌ലിംകള്‍ നാല് മദ്ഹബുകാരായി മാറിയത് വലിയ ഫസാദായിരുന്നു. ഇതും മുജാഹിദുകള്‍ നന്നാക്കിയെടുത്തു. അങ്ങനെ അവര്‍ മടവൂര്‍, മൗലവി, ജിന്ന്, പിശാചാതി ജാതികളായി പിരിഞ്ഞു. അഭിപ്രായഭിന്നതകള്‍ വരുമ്പോള്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്നായിരുന്നു ‘യാഥാസ്ഥിതിക’ നിലപാട്. ഇപ്പോള്‍ അത് ജിന്നിലേക്കും പിശാചിലേക്കും മടങ്ങണമെന്ന രീതിയില്‍ മാറ്റിയെടുത്തു. ഇസ്‌ലാഹ് ഒരു വിധത്തില്‍ നടപ്പാക്കി. ഇപ്പോള്‍ നവോത്ഥാന നായകന്‍മാര്‍ ചികില്‍സാരികളായും ഏലസ്സ്, ഐക്കല്ല്, നിര്‍മാതാക്കളായും ജിന്ന് പിശാച് സേവകരായും കഴിഞ്ഞുകൂടുന്നു. നവോത്ഥാനം ജയിക്കട്ടെ.
സമസ്തയുടെ പ്രസക്തി
അല്‍പ്പജ്ഞാനമായിരുന്നു കപട നവോത്ഥാനക്കാരെ ഗ്രസിച്ച സ്ഥായിയായ രോഗം. ഈജിപ്തില്‍ നിന്ന് ആരൊക്കെയോ വഴി ലഭ്യമായ, റഷീദ് റിള പ്രസിദ്ധീകരിച്ചിരുന്ന അല്‍ മനാര്‍ മാസികയുടെ ഏതാനും പഴയ കോപ്പികളാണ് മൗലവിമാരുടെ മനസ്സിളക്കിയത്. റശീദ് റിള ഹദീസ്‌നിഷേധിയായിരുന്നുവെന്ന് ഇപ്പോള്‍ ഇവര്‍ തന്നെ സമ്മതിക്കുന്നു. ധിഷണയുടെ അഭാവവും വൈജ്ഞാനിക ദൗര്‍ബല്യവും അളവിലധികം ഉണ്ടായിരുന്ന മൗലവിമാര്‍ സമുദായത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് ഭയപ്പെട്ടപ്പോഴാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അരങ്ങേറ്റം കുറിക്കുന്നത്. മുസ്‌ലിംകളെ അവരുടെ തനത് വിശ്വാസാചാരങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ആ പ്രസ്ഥാനത്തിന് കഴിയുമായിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാണ്. സമസ്ത രംഗത്തില്ലായിരുന്നുവെങ്കില്‍ കാട് കയറിയ ഇജ്തിഹാദ് കൊണ്ട് ഇവര്‍ മുസ്‌ലിംകളെ വലച്ചുകളയുമായിരുന്നു. ജിന്നും പിശാചുമായി മുസ്‌ലിംകള്‍ ജാതി തിരിയുമായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ഥ നവോത്ഥാനം സാധ്യമാക്കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
എസ് വൈ എസ് പ്രസ്ഥാനം
സമസ്തക്ക് താങ്ങും തണലും കരുത്തുമായി 1954 മുതല്‍ സുന്നി യുവജന പ്രസ്ഥാനം നിലകൊള്ളുന്നു. 1975 മുതല്‍ 1982 വരെ ചാപ്പനങ്ങാടി പാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍ എന്നീ മഹാരഥന്മാരായിരുന്നു എസ് വൈ എസിന്റെ അമരത്ത്. 1982ല്‍ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റു. 1975 മുതല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് എസ് വൈ എസിന്റെ ജനറല്‍ സെക്രട്ടറി പദവിയിലുണ്ടായിരുന്നത്. തുടര്‍ന്ന് ചിത്താരി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വന്നു. സമസ്തയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി സുന്നീ യുവജന പ്രസ്ഥാനം അജയ്യമായി നിലകൊള്ളുന്നു. എസ് വൈ എസിന്റെ അറുപത് വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രത്തിന്റെ അവകാശികളാര്? വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഈ ചോദ്യത്തിന്റെ കൂടി മറുപടിയാകും.