തീര സംരക്ഷണ സേനയുടെ അതിവേഗ നിരീക്ഷണ യാനം കമ്മീഷന്‍ ചെയ്തു

Posted on: December 14, 2013 5:59 am | Last updated: December 14, 2013 at 12:48 am

chn-shipകൊച്ചി: ഇന്ത്യന്‍ തീരസംരക്ഷണ സേനക്കുവേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച അതിവേഗ നിരീക്ഷണ യാനമായ ഐ സി ജി എസ് ആദേശ് പുറത്തിറക്കി.
കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നടന്ന ചടങ്ങില്‍ നാവിക സേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി ഹൈ സ്പീഡ് ഫാസ്റ്റ് പട്രോള്‍ വെസ്സല്‍ കമ്മീഷന്‍ ചെയ്തു. സമുദ്ര നിരീക്ഷണം, തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, വൈദ്യ സഹായമെത്തിക്കല്‍ തുടങ്ങിയ മേഖലകളില്‍ തീര സംരക്ഷണ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സഹായിക്കുന്നതാണ് ഐ സി ജി എസ് ആദേശ്.
തീര സംരക്ഷണ സേനക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 19 നിരീക്ഷണ യാനങ്ങളില്‍ ആദ്യത്തേതാണ് ഇത്. കൊച്ചി ഷിപ്പ് യാര്‍ഡില്‍ തീര സംരക്ഷണ സേനക്ക് വേണ്ടി നിര്‍മിച്ച ഏറ്റവും വലിയ വെസ്സലായ ആദേശിന് 50 മീറ്റര്‍ നീളമാണുള്ളത്. 33 നോട്ട്(മണിക്കൂറില്‍ 57 കിലോമീറ്റര്‍) വേഗം വരെ കൈവരിക്കാനാകുന്നതും 1,500 നോട്ടിക്കല്‍ മൈല്‍ വരെ നിരീക്ഷണം സാധ്യമാകുന്നതുമാണ് ഈ യാനം.
നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള എല്ലാ ആധുനിക സജ്ജീകരണങ്ങളും ആയുധങ്ങളും വെസ്സലിലുണ്ട്. തീര സംരക്ഷണ സേനയുടെ തൂത്തുക്കുടി സ്റ്റേഷന്റെ പരിധിയിലാകും ഐ സി ജി എസ് ആദേശ് പ്രവര്‍ത്തിക്കുക. തീര സംരക്ഷണസേനയുടെ പൂര്‍വ മേഖല കമാന്‍ഡര്‍ക്കായിരിക്കും ചുമതല. എസ് ആര്‍ നാഗേന്ദ്രനാണ് ഐ സി ജി എസ് ആദേശിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. അഞ്ച് ഓഫീസര്‍മാരും 34 ജീവനക്കാരും കപ്പലില്‍ ഉണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 കപ്പലുകളും ബോട്ടുകളും 100 വിമാനങ്ങളുമുള്ള ശക്തമായ സേനയായി തീരസംരക്ഷണ സേന മാറുമെന്ന് ചടങ്ങില്‍ സംസാരിച്ച വൈസ് അഡ്മിറല്‍ സതീഷ് സോണി പറഞ്ഞു. ഇന്ത്യയുടെ തീരമേഖലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്ര മേഖലയില്‍ നിരീക്ഷണം ഊര്‍ജിതവും ഏകോപിതവുമായാണ് നടക്കുന്നത്. തീരദേശങ്ങളില്‍ സദാജാഗരൂകമായ നിരീക്ഷണ ശൃംഖലയും പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന പോലീസിനേയും മത്സ്യ ബന്ധന രംഗത്തുള്ളവരേയും ഉള്‍പ്പെടുത്തിയുള്ള സംയോജിത പ്രവര്‍ത്തനങ്ങളാണ് സമുദ്രതീരത്തെ സുരക്ഷക്കായി കൈക്കൊണ്ടുവരുന്നത്. കസ്റ്റംസ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. തീരപ്രദേശത്ത് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തുന്നതിന് മത്സ്യബന്ധന രംഗത്തുള്ളവരെ സഹകരിപ്പിച്ചു കൊണ്ടുള്ള തീരവേട്ട പദ്ധതി വലിയ സഹായമാണ് നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് താനും സംസ്ഥാന ചീഫ് സെക്രട്ടറിയും ആറ് മാസത്തിലൊരിക്കല്‍ വിലയിരുത്തുന്നുണ്ടെന്നും ആറ് മാസത്തിലൊരിക്കല്‍ നടക്കാറുള്ള അവലോകന യോഗം ജനുവരി ആറിന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.
മാലദ്വീപിന് നാവികസേന നല്‍കുന്ന നിരീക്ഷണ ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങാനായി മാലദ്വീപ് പ്രതിരോധ മന്ത്രി ഇന്ന് കൊച്ചിയില്‍ എത്തുമെന്ന് സതീഷ് സോണി പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സി പി എസ് ബസ്‌റ, ഷിപ്പ് യാര്‍ഡ് ചെയര്‍മാനും എം ഡിയുമായ കെ സുബ്രഹ്മണ്യം സംബന്ധിച്ചു.