Connect with us

Ongoing News

ലോക ഫുട്‌ബോളര്‍ : മെസി, ക്രിസ്റ്റ്യാനോ,റിബറി പോരാട്ടം

Published

|

Last Updated

സൂറിച്: മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ പട്ടിക പുറത്തുവിട്ടു – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാങ്ക് റിബറി, ലയണല്‍ മെസി. 23 അംഗ പട്ടികയില്‍ നിന്നാണ് ഈ തിരഞ്ഞെടുപ്പ്. ജനുവരി പതിമൂന്നിന് ജേതാവിനെ പ്രഖ്യാപിക്കും. ബാഴ്‌സലോണയുടെ ലയണല്‍ മെസി തുടരെ നാല് തവണ പുരസ്‌കാരം നേടി ചരിത്രത്തിലിടം നേടിയ വ്യക്തിയാണ്. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ മുമ്പ് ലോകഫുട്‌ബോളര്‍ പട്ടം നേടിയിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറിക്ക് ബാലണ്‍ ദ്യോര്‍ ഒരു സ്വപ്നമാണ്. ഫ്രഞ്ച് പ്ലേമേക്കറായ റിബറി പോയ സീസണില്‍ ബയേണ്‍ മ്യൂണിക്കിന്റെ ട്രിപ്പിള്‍ കിരീടക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് കഴിയുന്നതിന് തൊട്ട് മുമ്പ് വരെ റിബറിക്ക് വന്‍ സാധ്യത കല്പിക്കപ്പെട്ടിരുന്നു. എന്നാല്‍, പ്ലേ ഓഫില്‍ സ്വീഡനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ കൂടിയായ ക്രിസ്റ്റ്യാനോ ഹാട്രിക്ക് നേടിയത് ചിത്രം മാറ്റി. റയലിന് വേണ്ടിയും ഗോളടി തുടരുന്ന ക്രിസ്റ്റ്യാനോ സീസണില്‍ അഞ്ച് ഹാട്രിക്ക് നേടി. മെസിക്ക് വലിയ സാധ്യതകളില്ല.
വനിതകളുടെ അന്തിമ പട്ടികയില്‍ ജര്‍മനിയുടെ നാദിന്‍ ഏംഗറര്‍, ബ്രസീലിന്റെ മാറ്റ, അമേരിക്കയുടെ അബി വാംബാച് എന്നിവര്‍. മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥാനമൊഴിഞ്ഞ ഇതിഹാസം അലക്‌സ് ഫെര്‍ഗൂസന്‍, ബയേണ്‍ മ്യൂണിക്കിന്റെ കഴിഞ്ഞ സീസണിലെ കോച്ച് ജുപ് ഹെയിന്‍കസ്, ബൊറൂസിയ ഡോട്മുണ്ടിന്റെ യുര്‍ഗന്‍ ക്ലോപ് എന്നിവര്‍. ട്രിപ്പിള്‍ കിരീടം നേടിയ ജുപ് ഹെയിന്‍കസിന് വലിയ സാധ്യതയുണ്ട്.
ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ നിയന്ത്രണത്തില്‍, ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനും കോച്ചും രാജ്യാന്തര മാധ്യമപ്രതിനിധികളുമാണ് വോട്ടിംഗില്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ മികച്ച യൂറോപ്യന്‍ താരത്തിന് നല്‍കുന്ന ബാലണ്‍ ദ്യോര്‍ പുരസ്‌കാരം 2007 മുതല്‍ക്ക് ഫിഫയുമായി ചേര്‍ന്ന് ലോകഫുട്‌ബോളര്‍ക്ക് നല്‍കി വരുന്നു.