Connect with us

Gulf

ആര്‍ എസ് സി സാഹിത്യോത്സവ്: ദുബൈ സോണ്‍ ചാമ്പ്യന്മാര്‍

Published

|

Last Updated

റാസല്‍ഖൈമ: ഇശലുകള്‍ പെയ്തിറങ്ങിയ റാസല്‍ഖൈമയുടെ മണ്ണില്‍ അഞ്ചാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സാഹിത്യോത്സവില്‍ ദുബൈ സോണ്‍ ചാമ്പ്യന്മാരായി. ഒന്നും രണ്ടും സ്ഥാനക്കാരുടെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ മത്സര ഫലങ്ങള്‍ മാറിമറിഞ്ഞെങ്കിലും അവസാന മണിക്കൂറിലാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സര ഫലം പുറത്തുവന്നത്. 214 പോയിന്റ് നേടി ദുബൈ സോണ്‍ ഒന്നാം സ്ഥാനത്തും 200 പോയിന്റോടെ അബുദാബി, 186 പോയിന്റോടെ അല്‍ ഐന്‍ഷാര്‍ജ സോണുംകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മറ്റു
സോണുകളുടെ പോയിന്റ് നില: റാസല്‍ഖൈമ -131, ഫുജൈറ -69, ദൈദ് -59, അജ്മാന്‍-58.
37 ഇനങ്ങളില്‍ എട്ട് സോണുകളില്‍ നിന്നും 500 ഓളം കലാപ്രതിഭകള്‍ മത്സരിച്ചു. യു എ ഇയുടെ പൗരാണിക പ്രതീകങ്ങളായ അല്‍ ബിദ്‌യ, അല്‍ ഫഹീദി, അല്‍ ദായ, അല്‍ ഹിസ്ന്‍, അല്‍ ഖോര്‍ എന്ന പേരുകളിലെ അഞ്ച് വേദികളിലായിരുന്നു പരിപാടി. രാവിലെ 8.15ന് സാഹിത്യോത്സവ് ആരംഭിച്ചു. വാശിയേറിയ മത്സരമാണ് ഓരോ സോണും കാഴ്ചവെച്ചത്.

രണ്ടു വേദികളില്‍ സ്‌റ്റേജിതര മത്സരങ്ങളായിരുന്നു. മറ്റു വേദികളില്‍ വന്‍ ജനബാഹുല്യമായിരുന്നു. ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത മത്സരങ്ങളും ജനറല്‍ വിഭാഗത്തില്‍ ഗ്രൂപ്പ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, കഥ, കവിത, പ്രബന്ധ രചനകള്‍, ദഫ് മുട്ട്, പവര്‍ പോയിന്റ്, ഡിജിറ്റര്‍ ഡിസൈനിംഗ്, ക്വിസ് തുടങ്ങിയവ കാണികള്‍ക്ക് വിരുന്നായി. അവസാന മത്സരമായ ദഫ് മുട്ട് സദസിനെയ ആവേശത്തിലാക്കി.
സമാപന സമ്മേളനത്തില്‍ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍അബ്ദുല്‍ ഹയ്യ് അഹ്‌സനില് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി ടി എ റഹീം എം എല്‍ എ, ജി അബൂബക്കര്‍, മഹ്മൂദ് ഹാജി, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹക്കീം, കാസിം പുറത്തീല്‍, അബ്ദുര്‍റസാഖ് മാറഞ്ചേരി, അബ്ദുസ്സമദ് അമാനി പട്ടുവം, കരീം തളങ്കര, അശ്‌റഫ് ഉമരി, അശ്‌റഫ് ഹാജി, അശ്‌റഫ് പാലക്കോട്, മുഹമ്മ് കുഞ്ഞി സഖാഫി കാന്തപുരം, ഷാജഹാന്‍ ഒയാസിസ് സംസാരിച്ചു.
39 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് റാസല്‍ഖൈമ ട്രഷറര്‍ അശ്‌റഫ് ഹാജിക്ക് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉപഹാരം നല്‍കി.
മദ്‌റസയില്‍ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള സാജിദ ഉമര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്തു. ആര്‍ എസ് സി, ജി സി സിതലത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന ബുക്ക് ടെസ്റ്റിനുള്ള “കാത്തിരുന്ന പ്രവാചകര്‍” എന്ന പുസ്തകം എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി അബൂബക്കര്‍ മഹ്മൂദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ദുബൈ സോണിലുള്ള ട്രോഫി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളും ജലീല്‍ സഖാഫിയും വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ അബുദാബി സോണിനുള്ള ട്രോഫി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ എന്നിവര്‍ കൈമാറി. മൂന്നാം സ്ഥാനം നേടിയ ഷാര്‍ജ, അല്‍ ഐന്‍ സോണുകള്‍ക്ക് യഥാക്രമം ഗള്‍ഫ് സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരിയും ഹംസ ഇരിക്കൂര്‍, പ്രൊഫ. അബൂബക്കര്‍ വിതരണം ചെയ്തു. 2014 സാഹിത്യോത്സവ് വേദിയാകുന്ന അബുദാബി സോണിന്റെ പ്രഖ്യാപനം അബ്ദുല്‍ ഹയ്യ അഹ്‌സനിയും ലോഗോ പ്രകാശനം അശ്‌റഫ് ഉമരി, ശമീര്‍ ആവേലം നിര്‍വഹിച്ചു. ആര്‍ എസ് സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ പി സി കെ ജബ്ബാര്‍, സ്വാഗതസംഘം കണ്‍വീനര്‍ ശമീര്‍ ആവേലം സംസാരിച്ചു.

മനുഷ്യര്‍ കോരിയെടുക്കാനുള്ള പാത്രങ്ങളായി അധപതിക്കരുത്: സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍
റാസല്‍ഖൈമ: മനുഷ്യസമൂഹം കോരിയെടുക്കാനുള്ള പാത്രങ്ങളായി അധപതിക്കരുതെന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (പൊസോട്ട്) അഭിപ്രായപ്പെട്ടു. കേവലം കോരിയെടുക്കാനുള്ള പാത്രങ്ങലല്ല മനുഷ്യര്‍. ഇസ്‌ലാമിന്റെ ആശയങ്ങള്‍ പഠിക്കുകയും മഹാന്മാരുടെ പാത പിന്തുടരുകയും ചെയ്യണം. മനുഷ്യ സമൂഹത്തിന് വകതിരിവും തിരിച്ചറിവും ഉണ്ടാകണം. ആര്‍ എസ് സി സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം കലകളെ പ്രോത്സാഹിപ്പിച്ച മതമാണ്. ഇസ്‌ലാമിക പ്രചാരണത്തിന് മുഹമ്മദ് നബി (സ) പോലും കലകളെ ഉപയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ആകര്‍ഷിപ്പിക്കുന്ന കലകള്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു ഇസ്‌ലാമിക പ്രബോധന പ്രചാരണ വഴികളില്‍ കലകള്‍ ഉപയോഗിക്കാം. അവ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. എസ് എസ് എഫ്, ആര്‍ എസ് സി സാഹിത്യോത്സവുകള്‍ ഇതര ജനവിഭാഗങ്ങളില്‍ പോലും സ്വാധീനം ചെലുത്തിയിട്ടുണ്ട്അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമൂഹം ഇസ്‌ലാമിക പ്രകാരമുള്ള കലകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ. കലകള്‍ മനുഷ്യനെ നല്ല വഴിയിലേക്ക് നയിക്കുന്നതു പോലെ തന്നെ ചീത്ത വഴിയിലേക്കും തിരിച്ചു വിടുംതങ്ങള്‍ വ്യക്തമാക്കി.
പ്രബോധനം നടത്തുന്നവര്‍ സ്വന്തം ഹൃദയത്തോട് പ്രബോധനം ചെയ്തിരുന്നോ എന്ന് സ്വയം വിലയിരുത്തണം. ഇസ്‌ലാമിന്റെ ആശയം അവസാന നാള്‍ വരെ നിലനില്‍ക്കും. ആശയങ്ങള്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടവര്‍ക്ക് വ്യതിചലിക്കാന്‍ കഴിയില്ല. വരും തലമുറ വഴിതെറ്റാതിരിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങണം. വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം അനിവാര്യമായിരിക്കുകയാണെന്നും തങ്ങള്‍ ഉണര്‍ത്തി.

സാഹിത്യോത്സവ് അപചയങ്ങള്‍ക്കെതിരെയുള്ള തിരുത്ത്: ജലീല്‍ സഖാഫി
റാസല്‍ഖൈമ: വര്‍ത്തമാന കാലത്തിലെ അപചയങ്ങള്‍ക്കെതിരെയുള്ള തിരുത്താണ് സാഹിത്യോത്സവെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി അഭിപ്രായപ്പെട്ടു. യു എ ഇ ദേശീയ സാഹിത്യോത്സവ് സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഷ്ചര്യത്തോടെയും അസൂയയോടെയും നോക്കിക്കാണുന്ന ഒന്നായി സാഹിത്യോത്സവ് മാറിക്കഴിഞ്ഞു. ശത്രുക്കള്‍ ഇസ്‌ലാമിന്റെ പാരമ്പര്യത്തേയും സര്‍ഗാത്മകതയേയും ചോദ്യംചെയ്യുമ്പോള്‍ അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സാഹിത്യോത്സവ് വേദികള്‍. ഇസ്‌ലാമിന്റെ പാരമ്പര്യത്തിന്റെ തിരിച്ചുകൊണ്ടുവരുന്നവയാണവഅദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ ആത്മീയഭാവത്തിന്റെ ഉറവിടമാണ് മുഹ്‌യിദ്ദീന്‍ മാല. മുഹ്‌യിദ്ദീന്‍ മാല പോലെയുള്ള സാഹിത്യം മറ്റു ഭാഷകളിലോ മതങ്ങളിലോ ഇല്ല. മണ്‍മറഞ്ഞുപോയ ഇസ്‌ലാമിക കലകളെ പരിപോഷിപ്പിക്കുന്നതില്‍ സാഹിത്യോത്സവുകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് സാഹിത്യോത്സവ് നല്‍കുന്ന സന്ദേശം. നിഷ്‌ക്രിയമായവനെ കലാരംഗത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നതില്‍ സാഹിത്യോത്സവ് പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest