ബസ്സുകള്‍ കട്ടപ്പുറത്ത്: ഗ്രാമീണ യാത്രകള്‍ റദ്ദ് ചെയ്യുന്നു

Posted on: December 7, 2013 1:02 pm | Last updated: December 7, 2013 at 1:02 pm

മാനന്തവാടി: കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സ് ലഭ്യതക്കുറവ് വന്നതോടെ ഗ്രാമീണയാത്രകള്‍ നിലച്ചു.
മാനന്തവാടി ഡിേപ്പോവിലെ പുല്‍പ്പള്ളി, വാളാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകളാണ് പ്രധാനമായും തടസ്സപ്പെടുന്നത്. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ നിന്നും ഗ്രാമീണ മേഖയിലിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നാമമാത്രമായി. ബസ്സുകള്‍ക്കുള്ള സ്‌പെയര്‍പാര്‍ടസ് ലഭിക്കാത്തതോടുകൂടിയാണ് സര്‍വ്വീസുകള്‍ നിലക്കുന്നത്. സര്‍വ്വീസ് തടസപ്പെടുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പെരുവഴിയിലാകുകയാണ്.മാനന്തവാടി ഡിപ്പോവില്‍ മാത്രം ഒന്‍പതോളം ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഒരോ ബസ്സുകള്‍ക്കും പ്രതിമാസം അനുവദിക്കാറുണ്ടായിരുന്ന ലോക്കല്‍ പര്‍ച്ചേസ് തുക ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കി വരുന്നില്ല. ഇതും ബസ്സുകള്‍ കട്ടപ്പുറത്താകാന്‍ കാരണമായി.
മാനന്തവാടി ഡിപ്പോവിലെ 79 സര്‍വ്വീസുകളില്‍ ശരാശരി 11ഓളം സര്‍വ്വീസുകള്‍ സ്ഥിരമായി റദ്ദുചെയ്യുകയാണ്. എഞ്ചിന്‍ പണി മുതല്‍ നിസാര തുകക്ക് ലഭിക്കുന്ന സ്‌പെയര്‍പാര്‍ട്‌സ് പോലും ബസ്സുകള്‍ക്കായി ഇപ്പോള്‍ വാങ്ങാറില്ല. ടയര്‍, ട്യൂബ്, ഫഌപ്പ് എന്നിവ ലഭിക്കാതെയും ബസ്സുകള്‍ കട്ടപുറത്തുണ്ട്. മാനന്തവാടി ഡിപ്പോവില്‍ 22ഓളം സര്‍വ്വീസുകളാണ് ഗ്രാമീണ സര്‍വ്വീസ് നടത്തുന്നത്. ജില്ലകളില്‍ ഏറ്റവും കുടുതല്‍ വരുമാനം ലഭിച്ചിരുന്ന ഡിപ്പോവായിരുന്നു മാനന്തവാടി. എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നതും മറ്റും വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയിയില്‍ 218 സര്‍വ്വീസുകളില്‍ മാനന്തവാടിയില്‍ 74 സര്‍വ്വീസുകളാണ് ഉള്ളത്.
മാനന്തവാടി ഡിപ്പോവില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരുണ്ടെങ്കിലും 20ഓളം കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍(ഇടിഎം)ന്റെ അഭാവം കണ്ടക്ടര്‍മാരെ ഈ മേഖലയില്‍ നിന്നും പിന്നോട്ടടിപ്പിക്കുകയാണ്. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്റെ കലാവധി അവസാനിക്കുകയും മെയിന്റസ്‌സ് നടത്താനുള്ള കരാര്‍ പുതുക്കാതിരിക്കുയും ചെയ്തതോടു കൂടിയാണ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചത്. മാത്രവുമല്ല പരീക്ഷണടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇറക്കിയ പുതിയ മെഷീന്‍ ആകട്ടെ അമിത റേഡീയേഷന്‍ കാരണം മൂലം കണ്ടക്ടര്‍മാര്‍ക്ക് ദേഹാസ്ഥവും തല വേദനയും നിത്യ സംഭവമായതോടെ പിന്‍വലിക്കുകയും ചെയ്തു. ബസ്സുകള്‍ക്കുള്ള ഡീസലും, സ്‌പെയര്‍പാര്‍ട്‌സുകളും നിലക്കുകയും ആവശ്യത്തിന് ജീവനക്കാരെ നിയമനം നടത്താതിരിക്കുയും ചെയുന്നതോടു കൂടി കെഎസ്ആര്‍ടിസിക്ക് മരണമണി മുഴങ്ങുകയാണ്.