സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര

  Posted on: December 6, 2013 11:48 pm | Last updated: December 6, 2013 at 11:48 pm

  1990: Nelson Mandela at home on the day after his release from prison‘എന്റെ ജീവിതം ആഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നു. ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളും മൈത്രിയോടെയും തുല്യ അവസരങ്ങളോടെയും കഴിയുകയെന്നതാണ് ഞാന്‍ മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നം. കാല്‍പ്പനികമാണെങ്കിലും അത് നേടുകയെന്ന പ്രതീക്ഷയോടെ ഞാന്‍ ജീവിക്കും’. അമ്പത് വര്‍ഷം മുമ്പ് പറഞ്ഞുവെച്ച ഈ പ്രസ്താവനയേക്കാള്‍ ഉപരിയായി മറ്റൊരു വിശേഷണം ദക്ഷിണാഫ്രിക്കയുടെ വിമോചന നായകനായ നെല്‍സണ്‍ മണ്ടേലക്ക് ആവശ്യമുണ്ടാകില്ല. രാജ്യത്തെ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം വരുന്ന കറുത്ത വര്‍ഗക്കാരെ അടക്കി ഭരിച്ചിരുന്ന വെളുത്ത വര്‍ഗക്കാര്‍ക്കെതിരെ അര നൂറ്റാണ്ടോളം പോരടിച്ച് ലോകത്തിന് തന്നെ പുതിയ ദിശാബോധം നല്‍കിയ നേതാവ്. അതിശക്തമായ രീതിയില്‍ വര്‍ണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായ വെളുത്ത വര്‍ഗക്കാരില്‍ നിന്ന് പൂര്‍ണ ജനാധിപത്യത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിന് 27 വര്‍ഷമാണ് മണ്ടേലക്ക് ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നത്. ഒടുവില്‍ ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡന്റെന്ന പദവിയിലെത്തിയപ്പോള്‍ താന്‍ അത്രയും കാലം ശക്തമായി എതിര്‍ത്ത വെളുത്തവരെ സ്വന്തം മന്ത്രിസഭയിലുള്‍പ്പെടുത്തി മറ്റൊരു നേതാവും കാണിക്കാത്ത ഹൃദയവിശാലതയും ഐക്യബോധവും അദ്ദേഹം കാണിച്ചു.
  ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള നാറ്റാള്‍ പ്രവിശ്യയിലെ ഉംടാറ്റാ ജില്ലയില്‍ 1918 ജൂലൈ പതിനെട്ടിനാണ് റോലിഹ് ലാഹ്‌ല മണ്ഡേലയെന്ന നെല്‍സണ്‍ മണ്ടേലയുടെ ജനനം. ക്‌സോസ ഗോത്ര വിഭാഗത്തിന്റെ ഭാഷയില്‍ ‘മരത്തിന്റെ ശിഖരങ്ങള്‍ പിടിച്ചു കുലുക്കുന്നവന്‍’, ‘കുഴപ്പക്കാരന്‍’ എന്നൊക്കെയാണ് ഈ വാക്കിന് അര്‍ഥം. ക്‌സോസ ജനവിഭാഗത്തിന്റെ തലവനായ തെംബു രാജാവിന്റെ താവഴിയില്‍പ്പെട്ടയാളാണ് മണ്ടേലയുടെ പിതാവ്. രാജ്യാവകാശമില്ലെങ്കിലും രാജാവിന്റെ പ്രധാന ഉപദേശകനായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അധികാരവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടു. പിതാവിന്റെ മരണ സമയത്ത് ഒമ്പത് വയസ്സായിരുന്നു മണ്ടേലയുടെ പ്രായം. ഇരുപത് വയസ്സാകുന്നതിന് മുമ്പ് തന്നെ ഭാവി പ്രവര്‍ത്തനം എന്തായിരിക്കണമെന്ന ഏറെക്കുറെ വ്യക്തമായ ധാരണ മണ്ടേലക്കുണ്ടായിരുന്നു.
  മാതൃഭാഷക്ക് പുറമെ സ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷും ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ചതിനു ശേഷം ഹെല്‍ഡ് ടൗണില്‍ ഇന്റര്‍മീഡിയറ്റിന് സമാനമായ പഠനത്തിന് മണ്ടേല ചേര്‍ന്നു. ആഫ്രിക്കന്‍ വന്‍കരയുടെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളെത്തുന്ന ഏറ്റവും വലിയ ആഫ്രിക്കന്‍ കോളജായിരുന്നു ഇത്. പല വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുണ്ടെങ്കിലും ക്‌സോസ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു അധികവും. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായുള്ള ഇടപെടലുകളോടെ മണ്ഡേലയില്‍ ഇക്കാലയളവില്‍ ദേശീയ വികാരം ശക്തമായി. 1939ല്‍ ഫോര്‍ട്ട് ഹരാരെയിലെ യൂനിവേഴ്‌സിറ്റി കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രാപ്യമായ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിരുന്നു അത്. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ് സര്‍വകലാശാലകള്‍ക്ക് സമാനമായിരുന്നു ഫോര്‍ട്ട് ഹാരെ സര്‍വകലാശാല. കോളജ് വിദ്യാഭ്യാസത്തിന്റെ രണ്ടാം വര്‍ഷം വിദ്യാര്‍ഥി പ്രതിനിധിയായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കോളജ് അധികൃതര്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ സ്ഥാനം രാജിവെക്കേണ്ടി വന്നതിന് മണ്ഡേലക്ക് നഷ്ടമായത് കോളജ് വിദ്യാഭ്യാസം തന്നെയാണ്.
  ജയില്‍വാസം
  1942ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ (എ എന്‍ സി) അംഗമാകുന്നതോടെയാണ് മണ്ഡേല വര്‍ണവിവേചത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ സജീവമാകുന്നത്. എ എന്‍ സിയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് യുവജന സംഘടന ആവശ്യമാണെന്ന നിലപാടായിരുന്നു മണ്ഡേലയുടേത്. എന്നാല്‍, ആ കാലത്ത് എ എന്‍ സിയുടെ പ്രസിഡന്റായിരുന്ന ഡോ. സുമ അതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. ഒടുവില്‍ എ എന്‍ സിയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന പോഷക സംഘടന എന്ന നിലയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് യൂത്ത് ലീഗിന് രൂപം നല്‍കുന്നതിലും മണ്ടേല വലിയ പങ്ക് വഹിച്ചു. എ എന്‍ സിയുടെ പ്രവര്‍ത്തന രീതി നിഷ്ഫലമാണെന്നാണ് യൂത്ത് ലീഗ് നിലപാട്. ഒടുവില്‍ യൂത്ത് ലീഗിന്റെ നിസ്സഹകരണം, ബഹിഷ്‌കരണം, നിയമലംഘനം ഉള്‍പ്പെടെയുള്ള നയങ്ങള്‍ എ എന്‍ സിക്ക് ഔദ്യോഗികമായി സ്വീകരിക്കേണ്ടി വന്നു.
  പിന്നീട് വംശീയമായ നയങ്ങള്‍ പിന്തുടരുന്ന ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിനെതിരെ മണ്ഡേലയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. സമാധാനപരവും അക്രമരാഹിത്യവുമായിരുന്നു മണ്ഡേലയുടെ സമരത്തിന്റെ അടിസ്ഥാനം. ദേശീയ പ്രതിഷേധ ദിനം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വിജയകരമാക്കാന്‍ മണ്ഡേലയുടെ നേതൃത്വത്തില്‍ എ എന്‍ സിക്ക് സാധിച്ചു. 1956ല്‍ മണ്ഡേല ഉള്‍പ്പെടെ നൂറ്റമ്പതോളം പേരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
  നിസ്സഹകരണം ഉള്‍പ്പെടെയുള്ള ഗാന്ധിയന്‍ സമര മാര്‍ഗങ്ങള്‍ ഒരിക്കലും ഗുണകരമാകില്ലെന്ന് കണ്ട് 1961 കാലത്ത് ഗറില്ലാ സമര മാര്‍ഗങ്ങളും മണ്ടേലക്ക് സ്വീകരിക്കേണ്ടി വന്നു. എം കെ എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഉംകോണ്ഡോ വി സിസിസ്‌വെയെന്ന സായുധ ഗ്രൂപ്പിന്റെ നേതൃസ്ഥാനം മണ്ടേല ഏറ്റെടുത്തു. ത്രിദിന രാജ്യവ്യാപക സമരത്തിന് നേതൃത്വം നല്‍കിയ മണ്ടേലയെ അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മണ്ടേലയുടെ മേല്‍ കുറ്റങ്ങള്‍ വീണ്ടും ചുമത്തപ്പെട്ടു. മണ്ടേല ഉള്‍പ്പെടെ എ എന്‍ സിയുടെ പത്ത് നേതാക്കളെ വിധ്വംസക പ്രവൃത്തി ഉള്‍പ്പെടെയുള്ളവ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 27 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ പതിനെട്ട് വര്‍ഷവും റോബന്‍ ദ്വീപിലെ തടവറയിലായിരുന്നു മണ്ടേല. ജയിലില്‍ നിന്ന് മണ്ടേലക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയ ശേഷം അദ്ദേഹത്തെ വെടിവെച്ചു കൊല്ലാന്‍ അന്നത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഓര്‍മക്കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. 1982ല്‍ മണ്ടേലയെയും മറ്റ് എ എന്‍ സി നേതാക്കളെയും പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി. സായുധ വിപ്ലവം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ മോചിപ്പിക്കാമെന്ന പ്രസിഡന്റ് പി എച്ച് ബോത്തയുടെ നിര്‍ദേശം മണ്ടേല തള്ളുകയായിരുന്നു. ജയില്‍ മോചിതനാക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് നിരവധി തവണയാണ് അധികൃതര്‍ മണ്ടേലയുമായി ചര്‍ച്ചകള്‍ നടത്തിയത്. 1990 ഫെബ്രുവരി 11ന് അന്നത്തെ പ്രസിഡന്റ് വില്യം ഡി ക്ലര്‍ക്ക് ആണ് മണ്ടേലയുടെ ജയില്‍ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എ എന്‍ സിക്കുള്ള നിരോധവും ഇതോടൊപ്പം റദ്ദാക്കി.
  തടവറയില്‍ നിന്ന് പ്രസിഡന്റ്
  പദത്തിലേക്ക്
  കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാകുന്നത് വരെ സായുധ വിപ്ലവം തുടരുമെന്നായിരുന്നു ജയില്‍മോചിതനായ ശേഷം മണ്ടേല പ്രഖ്യാപിച്ചത്.
  91ല്‍ മണ്ടേലയെ എ എന്‍ സിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പൂര്‍ണമായ അധികാര കൈമാറ്റത്തിന് നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അത് പിന്നീട് രാജ്യത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കുന്നതിനിടയാക്കി. രാജ്യത്തെ വര്‍ണ വിവേചനം ഇല്ലാതാക്കിയതിന്റെ പേരില്‍ മണ്ടേലക്കും അന്നത്തെ പ്രസിഡന്റ്ക്ലാര്‍ക്കിനും നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ 1994 ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടന്നു.
  94 മെയ് പത്തിന് രാജ്യത്തെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി 77കാരനായ മണ്ടേല തിരഞ്ഞെടുക്കപ്പെട്ടു. മണ്ടേലയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ക്ലാര്‍ക്കിനെ വൈസ് പ്രസിഡന്റായും നിയമിച്ചു. ജയില്‍വാസത്തിനിടക്ക് തന്നെ തന്റെ ആത്മകഥയായ ‘ലോംഗ് വാക് ടു ഫ്രീഡം’ (സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര) രഹസ്യമായി എഴുതിത്തുടങ്ങിയിരുന്നു.
  99ലെ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മണ്ടേല സജീവമായിരുന്നു. അര്‍ബുദം ബാധിച്ചതിന് ശേഷം 2004ലാണ് പൊതുജീവിതത്തില്‍ നിന്ന് മണ്ടേല ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.