Connect with us

National

ഡല്‍ഹിയിലെ 'പ്രശ്‌ന' ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നിരീക്ഷണം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രശ്‌നസാധ്യതാ ബൂത്തുകളെന്ന് വിലയിരുത്തപ്പെട്ട ഡല്‍ഹിയിലെ 630 ബൂത്തുകളിലെ വോട്ടെടുപ്പ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസ് വെബ്കാസ്റ്റിംഗ് വഴി നിരീക്ഷിക്കും. ഇതാദ്യമായാണ് വെബ്കാസ്റ്റിംഗ് വഴി തത്സമയം നിരീക്ഷിക്കുന്ന സംവിധാനം ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വിജയ് ദേവ് പറഞ്ഞു.
ഈ ബൂത്തുകളില്‍ സി സി ടി വി ക്യാമറകളും ഉണ്ടാകും. സി സി ടി വി ക്യാമറക്ക് സംഭവങ്ങള്‍ നടന്നതിന് ശേഷമുള്ളതേ നല്‍കാനാകൂ. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എന്താണ് നടക്കുന്നതെന്ന് അപ്പപ്പോള്‍ അറിയാനും തീരുമാനമെടുക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിക്കും.
ഇത്തരം ബൂത്തുകള്‍ക്കുള്ളില്‍ കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനായ സൂക്ഷ്മ നിരീക്ഷകനെയും നിയമിക്കും. നാലിന് നടക്കുന്ന തിരഞ്ഞെടുപ്പ് സുഗമവും നീതിയുക്തവും ആക്കുന്നതിന് മൊത്തം 107 കമ്പനി കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കും. ഓരോ കമ്പനിയിലും 100 സൈനികര്‍ ഉണ്ടാകും. 64,000 വരുന്ന ഡല്‍ഹി പോലീസ് സേനാംഗങ്ങളും സുരക്ഷാ രംഗത്തുണ്ടാകും.