Connect with us

Malappuram

താമസ സ്ഥലവും ജോലിയും നിഷേധിക്കുന്നു: ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മടങ്ങുന്നു

Published

|

Last Updated

കാളികാവ്: ജില്ലയില്‍ അടുത്തിടെയുണ്ടായ കുറ്റ കൃത്യങ്ങളില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ പങ്ക് വ്യക്തമായതോടെ ജനങ്ങളിലുണ്ടായ അമര്‍ഷം കാരണം ജില്ലയിലെ അന്യ സംസ്ഥാനക്കാരായ തൊഴിലാളികല്‍ തിരിച്ചു പോക്ക് തുടങ്ങി.

കൊലപാതകമടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഈ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ പിടക്കപെട്ടതോടെ താമസസ്ഥലവും ജോലിയും നിഷേധിക്കപ്പെട്ട് കാളികാവ് മേഖലയില്‍ നിന്നും നൂറോളം പേര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വണ്ടി കയറി. അസം, ബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ട് സംസഥാനങ്ങളില്‍നിന്നുമാണ് കുടുതല്‍ തൊഴിലാളികള്‍ എത്തിയിരുന്നത്്. ഇവരില്‍ കുറേ പേര്‍ മടങ്ങി. ബാക്കിയുള്ളവര്‍ മടക്കത്തിന്റെ പാതയിലുമാണ്.
പാണ്ടിക്കാട് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിലും വണ്ടൂരിലെ ജ്വല്ലറി മോഷണക്കേസിലും ഉത്തരേന്ത്യന്‍ തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയിരുന്നത്. വണ്ടൂര്‍ ടൗണിലെ ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മൂന്ന് അസം തൊഴിലാളികളെ പിടികൂടിയിന്നു. അതിന് മുമ്പത്തെ ആഴ്ചയിലാണ് പാണ്ടിക്കാട് വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബംഗാളികളെ അറസ്റ്റ് ചെയ്തത്. ഈ രണ്ടു സംഭവുമായി ബന്ധപ്പെട്ടും അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും പൊലീസ് പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിരുന്നു. ഇതോടെ ഭീതിയിലായ കെട്ടിട ഉടമകള്‍ മലയാളികളല്ലാത്ത തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും ഒഴിപ്പിക്കുവാന്‍ തുടങ്ങി. നേരത്തെ തന്നെ ജില്ലയില്‍ ഹാന്‍സ് അടക്കമുള്ള പാന്‍ ഉല്‍പന്നങ്ങളുടെ വ്യാപനത്തിനും മദ്യ വ്യാപനത്തിനും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വ്യാപം കാരണമാവുന്നതായി ആക്ഷേപമുണ്ടായിരുന്നു. പല തരത്തില്‍ അരോപണമയര്‍ന്നതോടെ ഉത്തരേന്ത്യന്‍ തൊഴിലാളികളെ പലരും ഒഴിവാക്കുകയാണ്. കൂടാതെ ഇവരെ ജോലിക്ക് എത്തിച്ചിരുന്ന ഇടനിലക്കാരില്‍ ചിലര്‍ ആ ഏര്‍പ്പാട് നിര്‍ത്തിയതോടെ ഒട്ടേറെ പേര്‍ ജോലികിട്ടാതെ വിഷമിച്ചു. വണ്ടൂര്‍ സംഭവത്തിന്റെ തൊട്ടുടനെ അമ്പതോളം പേര്‍ ഒന്നിച്ച് അസം, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.
നേരത്തേ, നിര്‍മാണ-കാര്‍ഷിക മേഖലകളില്‍ തൊഴിലാളി ക്ഷാമം മുലം കടുത്ത പ്രതിസന്ധിയുണ്ടായപ്പോള്‍ ഉത്തരേന്ത്യന്‍ തൊഴിലാലികളുടെ വരവ് ഏറെ ആശ്വാസകരമായിരുന്നു. കെട്ടിട നിര്‍മാണത്തില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ സാനിധ്യം സജീവമമായിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ഇപ്പാഴത്തെ കൂട്ട മടക്കം തുടര്‍ന്നാല്‍ ചില മേഖലകളില്‍ വീണ്ടും പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അശങ്കയുയര്‍ത്തുന്നത്.
നാട്ടുകരായ തൊഴിലാളികളുടെ കൂലി ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്്. അന്യ സംസ്ഥാന തൊഴിഴിലാളികളെ മാത്രം ആശ്രയിച്ച് നടത്തിയിരുന്ന പല കച്ചവട സ്ഥാപനങ്ങളേയും ഇപ്പോള്‍ തന്നെ ഇത് ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.