നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഉന്നതങ്ങളില്‍ അട്ടിമറിച്ചു

Posted on: November 25, 2013 5:59 am | Last updated: November 25, 2013 at 12:29 am

gold_bars_01കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ വന്‍സ്രാവുകള്‍ക്കെതിരായ അന്വേഷണം ഉന്നതങ്ങളില്‍ അട്ടിമറിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഡി ആര്‍ ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സി ബി ഐ പിന്മാറി. ചോദ്യം ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍.
ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കത്തയച്ചതായാണ് സി ബി ഐ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അവര്‍ അത് നിഷേധിക്കുകയാണ്. ജോണ്‍ ജോസഫിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുന്‍ സി ബി ഐ എസ് പി. ടി വിക്രമിലേക്കാകും എത്തുകയെന്ന് ഉറപ്പായതോടെയാണ് കൊച്ചിയിലെ സി ബി ഐ അന്വേഷണ സംഘത്തിന് മേല്‍ മുകളില്‍ നിന്ന് പിടിവീണതെന്ന് അറിയുന്നു.
ഫയാസിനെ തനിക്ക് പരിചയപ്പെടുത്തിയത് ജോണ്‍ ജോസഫാണെന്ന് കേസിലെ മുഖ്യപ്രതിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ജോണ്‍ ജോസഫിലേക്ക് നീണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ ജോസഫ് മംഗലാപുരത്ത് പോലീസ് കമ്മീഷണറായിരിക്കെ ഫയാസിന്റെ തടഞ്ഞു വെച്ച സാധനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് ഇടപെട്ടെന്നും അങ്ങനെയാണ് ഫയാസിനെ അറിയുന്നതെന്നുമാണ് മാധവന്‍ സി ബി ഐയോട് പറഞ്ഞിരുന്നത്.
കേസില്‍ അറസ്റ്റിലായ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനില്‍കുമാറും ജോണ്‍ ജോസഫിനെതിരെ സി ബി ഐക്ക് മൊഴി നല്‍കിയിരുന്നു. ഫയാസ് എത്തുന്ന ഫ്‌ളൈറ്റിന്റെ വിശദാംശങ്ങള്‍ കാണിച്ച് അയാളെ ഗ്രീന്‍ചാനലിലൂടെ കടത്തിവിടുന്നതിന് ജോണ്‍ ജോസഫ് തനിക്ക് എസ് എം എസ് അയച്ചിരുന്നുവെന്നാണ് അനില്‍കുമാര്‍ നല്‍കിയ മൊഴി.
എന്നാല്‍ കൊച്ചിയില്‍ സി ബി ഐ എസ് പിയായിരുന്ന ടി വിക്രം പറഞ്ഞതനുസരിച്ചാണ് മാധവനെ താന്‍ ഫോണില്‍ വിളിച്ചതെന്നും ഫയാസിനെ തനിക്ക് അറിയില്ലെന്നും മാധവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു കൊണ്ട് ജോണ്‍ ജോസഫ് വ്യക്തമാക്കിയിരുന്നു.
ജോണ്‍ ജോസഫ് മൊഴിയില്‍ ഉറച്ചു നിന്നാല്‍ വിക്രമിനെ സി ബി ഐക്ക് ചോദ്യം ചെയ്യേണ്ടിവരും. ഫയാസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിക്രം പല ഘട്ടത്തിലും ഇയാളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. ഫയാസുമായി അടുത്ത ബന്ധം ആരോപിക്കപ്പെടുന്ന ടി വിക്രം ഇപ്പോള്‍ ഹൈദരാബാദില്‍ സി ഐ എസ് എഫ് ട്രെയിനിംഗ് വിഭാഗം ഡി ഐ ജിയാണ്.
ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യാന്‍ തെളിവില്ലെന്ന സി ബി ഐ പുതിയ നിലപാടോടെ കേസില്‍ നിന്ന് വന്‍സ്രാവുകള്‍ രക്ഷപ്പെടുമെന്ന് ഉറപ്പായി. പത്ത് വര്‍ഷം മുമ്പ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനോട് അനുമതി തേടിയെങ്കിലും അതും ഡല്‍ഹിയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഡി ആര്‍ ഐയുടെ ഡല്‍ഹി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറലാണ് ജോണ്‍ ജോസഫ്.