മതവും രാഷ്ട്രീയവും വേറിട്ട് കാണണം: മന്ത്രി ആര്യാടന്‍

Posted on: November 22, 2013 8:23 am | Last updated: November 22, 2013 at 8:23 am

പാലക്കാട്: മതവും രാഷ്ട്രീയവും വേറിട്ട് കാണണമെന്നും മതം രാഷ്ട്രീയത്തില്‍ കടന്നുവരാന്‍ പാടില്ലെന്നും ഊര്‍ജ്ജ-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയവാദികളെക്കാളുപരി മതം രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തുന്നവരാണ് ഏറ്റവും അപകടകാരികള്‍. മതേതരത്വത്തെ നശിപ്പിക്കാനുള്ള പ്രവണത ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ഭാരതത്തിന്റെ മതേതരത്വ സ്വഭാവം നശിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. മതേതരത്വം നിലനിര്‍ത്താന്‍ ശ്രമം നടക്കുമ്പോള്‍ മറുഭാഗത്ത് ചിലര്‍ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വ ഭാരതം കെട്ടിപ്പടുക്കാനാണ് കോണ്‍സിന്റെ ലക്ഷ്യം. മഹാത്മാഗാന്ധിയും നെഹ്‌റുവും ഇതിനുവേണ്ടി ശ്രമിച്ചപ്പോള്‍ ചിലര്‍ക്ക് സംശയമായിരുന്നു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം തന്നെ മതേതരത്വമാണ്. മതങ്ങള്‍ ഉണ്ടാകുമ്പോഴും മതങ്ങളില്ലെന്ന ചിന്താഗതി ഉണ്ടായാലെ മതേതരത്വം ഉണ്ടാവുകയുള്ളൂ. ഏതു മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്.
മതേതരത്വത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നപ്പോഴാണ് മുന്‍ പ്രധാന മന്ത്രിയായ ഇന്ദിരാഗാന്ധി ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഹിന്ദുമതം എന്നത് ഒരു സംസ്‌കാരമാണെന്നും അതൊരു ജീവിതരീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ രവികുമാര്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു.