വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി; ആദിവാസികള്‍ വീണ്ടും സമരത്തിന്‌

Posted on: November 9, 2013 7:56 am | Last updated: November 9, 2013 at 7:56 am

പാലക്കാട്: ഒളകരയിലെ ആദിവാസികളുടെ ജീവിതം ദുസ്സഹമാകുന്നു. ഇടിഞ്ഞു പൊളിഞ്ഞ വീടുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഭൂമി ഒരുവര്‍ഷമായിട്ടും ലഭിച്ചില്ല. 42 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ വീടുകളില്‍ ഭൂരിഭാഗത്തിനും കക്കൂസോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
തൃശൂര്‍ ജില്ലാ കലക്ടര്‍ ഇവര്‍ക്ക് ഭൂമി അളന്നു കൊടുത്തുവെങ്കിലും അവിടെ ആദിവാസികള്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ഇതോടെ സമരം മാത്രമായിരുന്നു ആദിവാസികളുടെ വഴി.
കഴിഞ്ഞ ഡിസംബറില്‍ ആദിവാസികള്‍ അമ്പതേക്കറോളം ഭൂമിയില്‍ കുടില്‍ കെട്ടി. തുടര്‍ന്ന് സമരം ചെയ്ത് 22 പുരുഷന്മാരും 24 സ്ത്രീകളും ആറ് കുട്ടികളും ജയിലിലായി. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോളനിയിലുള്ള ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമിയും വീടും റോഡും വാഗ്ദാനം ചെയ്തിരുന്നു. 180 ലധികം കേസുകള്‍ ഒത്തു തീര്‍പ്പാക്കാനും തീരുമാനമായി. എന്നാല്‍ കൊടുക്കാനുദ്ദേശിക്കുന്ന ഭൂമി വനാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വനംവകുപ്പ് തടസ്സവാദമുന്നയിച്ചതോടെ വാഗ്ദാനം പാഴ് വാക്കായി. ഈ സാഹചര്യത്തില്‍ കലക്‌ടേറ്റ് പടിക്കല്‍ അനിശ്ചിത കാല നിരാഹാരം ആരംഭിക്കാനാണ് തീരുമാനം.