സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍

Posted on: November 6, 2013 8:17 am | Last updated: November 6, 2013 at 8:17 am

തിരുവനന്തപുരം: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സര്‍ഗശേഷി തെളിയിക്കുന്ന പതിനാറാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. ഇന്നു മുതല്‍ എട്ടാം തിയതിവരെ മണക്കാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ 2500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എ അരുണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കലോത്സവത്തിന് മുന്നോടിയായി ഇന്ന് രാവിലെ 9.30 ന് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് കലോത്സവ വേദിയായ മണക്കാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലേക്ക് വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. 11.30ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
കഥാരചന, കഥാകഥനം, ലളിതഗാനം, പദ്യപാരായണം, മിമിക്രി, മോണോ ആക്ട്, സംഘഗാനം, പെയിന്റിംഗ്, സംഘനൃത്തം, തിരുവാതിര കളി എന്നിങ്ങനെ 83 ഇനങ്ങളിലാണ് വിഭിന്നശേഷിയുള്ള പ്രതിഭകള്‍ മാറ്റുരക്കുന്നത്. ജഗതി സര്‍ക്കാര്‍ ബധിരമൂക വിദ്യാലയം, മണക്കാട് ഗവ. ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ ആറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജഗതി ബധിരമൂക വിദ്യാലയത്തില്‍ താമസ സൗകര്യവും മണക്കാട് സ്‌കൂളില്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
എട്ടിന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം എ വാഹിദ് എം എല്‍ എ മുഖ്യപ്രഭാഷണവും മേയര്‍ കെ ചന്ദ്രിക സമ്മാന വിതരണവും നടത്തും.