Connect with us

Eranakulam

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കവിതാ പിള്ളയും സംഘവും തട്ടിയത് 2.78 കോടി

Published

|

Last Updated

കൊച്ചി: കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് കവിത ജി പിള്ളയും സംഘവും തട്ടിയെടുത്തത് 2. 78 കോടി രൂപയാണെന്ന് വ്യക്തമായി. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി കവിത ജി പിള്ളയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം പോലീസിനു ലഭിച്ചത്.
മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എട്ട് കേസുകളും കൊല്ലം പാരിപ്പള്ളിയിലും പാലക്കാടും ഓരോ കേസും ഉള്‍പ്പെടെ 10 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും പോലീസ് പറഞ്ഞു.
ഏജന്റുമാര്‍ മുഖേനയാണ് കവിത പിള്ള പണം വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. മെഡിക്കല്‍ സീറ്റുകള്‍ ഒഴിവുണ്ടെന്നു കാണിച്ച് കവിതയുടെ ഏജന്റുമാരായ ഹരികൃഷ്ണന്‍, അലന്‍ ഫിലിപ്പ്, റാഷ് ലാല്‍, ഷിബു എന്നിവര്‍ എ കെ എസ് കേരള എന്ന സ്ഥാപനത്തിന്റെ പേരില്‍ 2013 മെയ് 24ലെ മലയാള ദിനപത്രത്തില്‍ പരസ്യം കൊടുത്ത്, രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും എറണാകുളത്തെ കവിത ജി പിള്ളയുടെ ഓഫീസില്‍ എത്തിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഓരോരുത്തരില്‍ നിന്നും 15 മുതല്‍ 65 വരെ ലക്ഷം രൂപവാങ്ങിച്ചിരുന്നു. എം ബി ബി എസിന് 15 ലക്ഷവും പി ജിക്ക് 65 ലക്ഷവുമായിരുന്നു നിരക്ക്. കൃസ്ത്യന്‍ മാനേജുമെന്റുകള്‍ക്കു കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, പുഷ്പഗിരി, അമല, ജൂബിലി മിഷന്‍ എന്നീ മെഡിക്കല്‍ കോളജുകളിലും അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ കോളജുകളില്‍ അന്വേഷിച്ചതില്‍ കവിത പിള്ളക്ക് അവയുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിവായിട്ടുണ്ട്.
ചെന്നൈ ബാലാജി കോളജിലും വയനാട്ടിലെ വിംസ് മെഡിക്കല്‍ കോളജിലും കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളജിലും പലര്‍ക്കും അഡ്മിഷന്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ ഈ കോളജുകളിലും കവിതാ പിള്ള മുഖേന അഡ്മിഷനുകള്‍ നടത്തിയട്ടില്ലെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത 2. 78 കോടി രൂപയില്‍ 1.51 കോടി രൂപ മൂന്ന് മാസക്കാലം ആഡംബര ജീവിതം നയിക്കുന്നതിനായി കവിതാ പിള്ള ഉപയോഗിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഒരു കോടി 11. 5 ലക്ഷം രൂപക്ക് വീട് വാങ്ങിയിട്ടുണ്ട്. കൂടാതെ 13 ലക്ഷം രൂപ വീട് മോടി പിടിപ്പിക്കാനും ഉപയോഗിച്ചു. 10 ലക്ഷം രൂപക്ക് സ്വര്‍ണാഭരണം വാങ്ങി. ജോലിക്കാരായ അല്‍ത്താഫ്, നിസാര്‍, ശിവറാം എന്നിവര്‍ക്ക് 11.5 ലക്ഷം രൂപയും ഇവര്‍ കൊടുത്തിട്ടുണ്ട്. അല്‍ത്താഫിനും കവിതാ പിള്ളയുടെ കുടുംബാഗങ്ങള്‍ക്കും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും മൂന്ന് മാസത്തിനുള്ളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. കവിതയുടെ സഹായികളായ ഏജന്റുമാര്‍ ഒരു കോടി 26 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അഡ്വ. ഹരികൃഷ്ണന്‍ മുഖേന വാങ്ങിയ പണം റാഷ് ലാല്‍, ഷിബു, അലന്‍ ഫിലിപ്പ് തുടങ്ങിയവര്‍ വീതിച്ചെടുത്തു എന്നാണ് കവിതാ പിള്ള ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുള്ളത്.
അതിനിടെ കവിതാ പിള്ളയുടെ പേരില്‍ പോണേക്കരയിലുള്ള ആഡംബര വീടും സ്ഥലവും കണ്ടുകെട്ടുന്നതിന് കോടതി മുഖാന്തരം നടപടി സ്വീകരിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്ന കവിതാ പിള്ളയെ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Latest