മുസാഫര്‍നഗറില്‍ ഇരുവിഭാഗവും പഞ്ചായത്ത് നടത്തി

Posted on: November 3, 2013 1:06 am | Last updated: November 3, 2013 at 1:06 am

മുസാഫര്‍നഗര്‍: മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം ഉരുണ്ടുകൂടിയ മുസാഫര്‍നഗറില്‍ മുസ്‌ലിംകളും ജാട്ടുകളും വെവ്വേറെ പഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ഹുസൈന്‍പുരയില്‍ ചേര്‍ന്ന പഞ്ചായത്ത്, കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുറ്റക്കാരെ പിടികൂടിയിട്ടില്ലെങ്കില്‍ അടുത്ത വ്യാഴാഴ്ച മഹാപഞ്ചായത്ത് നടത്തുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. അയല്‍ ഗ്രാമമായ മുഹമ്മദ്പൂര്‍- റായ്‌സിംഗില്‍ രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി), ഭാരതീയ കിസാന്‍ യൂനിയന്‍ (ബി കെ യു) എന്നിവയുടെ നേതാക്കളും 36 ജാട്ട് ഗ്രാമമുഖ്യരും പങ്കെടുത്ത പഞ്ചായത്ത് നടന്നു. ‘ഐക്യത്തോടെ സുശക്തരാകുക’ എന്ന മുദ്രാവാക്യമാണ് ജാട്ട് പഞ്ചായത്ത് ഉയര്‍ത്തിപ്പിടിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും പ്രതിഷേധ സൂചകമായി ദീപാവലി ആഘോഷം ഉപേക്ഷിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.
പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെങ്കില്‍ വ്യാഴാഴ്ച നടത്താന്‍ പദ്ധതിയിട്ട മഹാ പഞ്ചായത്തിന്റെ റിഹേഴ്‌സലാണ് ഹുസൈന്‍പുരയില്‍ നടന്നതെന്ന് ഗ്രാമീണര്‍ പറഞ്ഞു. മുഹമ്മദ്പൂര്‍- റായ്‌സിംഗ് ഗ്രാമത്തിലെ ജാട്ടുകള്‍ ബുധനാഴ്ച മഹാപഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യുവാക്കളെ കൊന്നവരെ ഉടന്‍ പിടികൂടണമെന്ന് ഹുസൈന്‍പുര പഞ്ചായത്ത് ആവശ്യപ്പെട്ടു. എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ചുരുങ്ങിയത് 20 പേരെങ്കിലും പുറത്താണ്. മുസ്‌ലിംകളെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ആയുധങ്ങളുമായി സംഘം എത്തിയത്. പഞ്ചായത്ത് ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന വലിയ വെല്ലുവിളി നേരിടാന്‍ ഐക്യപ്പെടണമെന്നാണ് ജാട്ട് പഞ്ചായത്ത് ആഹ്വാനം ചെയ്തത്. ‘ഒരു സമുദായത്തിന് വേണ്ടി മാത്രമാണ് നിലവിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടമല്ല മറിച്ച് ജാട്ടുകളും മുസ്‌ലിംകളും തമ്മിലുള്ളതാണ്. നമ്മുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ശക്തി പ്രകടിപ്പിക്കാന്‍ നാം ഐക്യപ്പെടേണ്ടതുണ്ട്.’ ആര്‍ എല്‍ ഡി നേതാവും ബുധാനയിലെ മുന്‍ എം എല്‍ എയുമായ രാജ്പാല്‍ സിംഗ് ബാലിയാന്‍ പറഞ്ഞു. സമാധാനപരമായ പരിഹാരത്തിന് ഇരു സമുദായങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗം ബുധനാഴ്ച നടത്തുമെന്ന് ബി കെ യു നേതാക്കളായ രാകേഷ് തികായത്തും നരേഷ് തികായത്തും പറഞ്ഞു.
രണ്ട് പഞ്ചായത്തുകളും നടന്ന പശ്ചാത്തലത്തില്‍ പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. സ്റ്റേഷന്‍ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളെ സംഘര്‍ഷമുണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മുഹമ്മദ്പൂര്‍- റായ്‌സിംഗ് ഗ്രാമത്തിലെ കരിമ്പ് പാടത്ത് ജോലി ചെയ്യുമ്പോഴാണ് ബുധനാഴ്ച യുവാക്കളെ സായുധ സംഘം കൊലപ്പെടുത്തിയത്. അംറോസ്, അജ്മല്‍, മഹര്‍ബാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.