ദേശീയപാത വികസനം: അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടെന്ന് അതോറിറ്റി

Posted on: October 1, 2013 1:40 am | Last updated: October 1, 2013 at 1:40 am

കോട്ടക്കല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ അലൈന്‍മെന്റില്‍ യാതൊരു മാറ്റവും വരുത്തേണ്ടന്ന് ദേശീയപാത അതോറിറ്റി. ഇതു സംബന്ധിച്ചുള്ള കത്ത് കോട്ടക്കലിലെ സ്ഥലമെടുപ്പ് ഓഫീസില്‍ ലഭിച്ചു.
നേരത്തെ സാറ്റ്‌ലൈറ്റ് വഴിയുള്ള സര്‍വേയില്‍ ഒട്ടേറെ അപാകതകള്‍ വെന്നിയൂര്‍ പോലുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതിനെ പാടെ അവഗണിച്ചാണ് അതോറിറ്റിയുടെ പുതിയ കത്ത്. നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നതോടെ അനാവശ്യ തര്‍ക്കങ്ങള്‍ക്കും സമയ നഷ്ടത്തിനും ഇടയാകുമെന്നാണ് അതോറിറ്റിയുടെ വാദം.
അതിനാല്‍ നിലവിലുള്ള സര്‍വേ പ്രകാരം മുന്നേട്ടുപോകുന്നതിനായി അലൈന്‍മെന്റുകളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പരാതികളും തള്ളികളയുന്നതായി കത്തില്‍ പരാമര്‍ശമുണ്ട്. നിലവില്‍ പെന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലാണ് മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനം നടക്കുന്നത്. ഇതില്‍ തിരൂരങ്ങാടി താലൂക്കുകളിലാണ് അലൈന്‍മെന്റില്‍ അപാകതകളുണ്ടന്ന പരാതി വ്യാപകമായുള്ളത്. തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളുടെ വിജ്ഞാപനം അവസാനത്തേതും പൊന്നാനിയുടെത് രണ്ടാമത്തേതും. ഒരു വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷമാണ്.
ഒരു വര്‍ഷ കാലാവധിക്കിടയില്‍ സര്‍വേ, പരാതി കേള്‍ക്കള്‍, ഭൂമിയേറ്റെടുക്കല്‍ എന്നീ പ്രവൃത്തികള്‍ മൊത്തത്തില്‍ ചെയ്തു തീര്‍ക്കണം. ഒരു വിജ്ഞാപന കാലാവധിയില്‍ ചെയ്ത പ്രവൃത്തിയുടെ തുടര്‍ച്ച അടുത്ത വിജ്ഞാപന കാലാവധിയില്‍ ചെയ്തു തീര്‍ക്കാന്‍ ചട്ടമില്ല. പാത വികസനം 45 മീറ്റര്‍ വേണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുന്നുണ്ടങ്കിലും 30 മീറ്ററില്‍ ഒതുക്കണമെന്നാണ് പൊതുജനാഭിപ്രായം. ഈയിടെ ദേശീയപാത വികസന സര്‍വേ നടപടികളുമായി മുന്നോട്ടു പോകാന്‍ ജില്ല ഭരണകൂടം പലതവണ ശ്രമം നടത്തിയെങ്കിലും ജനപ്രതിനിധികള്‍ ഇടപെട്ട് സമയം നീട്ടികൊണ്ടു പോകുകയായിരുന്നു.