Connect with us

Kottayam

സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കി അണക്കെട്ട് തുറക്കണമെന്ന് ജനപ്രതിനിധികള്‍

Published

|

Last Updated

തൊടുപുഴ: സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. തുലാവര്‍ഷം ശക്തിപ്പെടുന്ന പക്ഷം അപായസാധ്യത ഒഴിവാക്കാന്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. സര്‍ക്കാറിനോടും വൈദ്യുതി ബോര്‍ഡിനോടും ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
ഏതാനും ദിവസം മുമ്പു ഈ ആവശ്യം ജില്ലാ ഭരണകൂടം വൈദ്യുതിബോര്‍ഡിന് മുമ്പില്‍ ഉന്നയിച്ചിരുന്നെങ്കിലും വെള്ളം തുറന്നുവിടേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് സുരക്ഷാ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം വൈദ്യുതിബോര്‍ഡ് സ്വീകരിച്ചത്.സംഭരണശേഷിയുടെ 99 ശതമാനത്തില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രം ഡാം തുറന്നാല്‍ മതിയാകുമെന്നാണ് സുരക്ഷാ അതോറിറ്റിയുടെ ഇപ്പോഴത്തെ നിലപാട്.2402.15 അടിയാണ് 99 ശതമാനം ജലനിരപ്പ്. തുലാവര്‍ഷം ശക്തിപ്പെട്ടാലുണ്ടാകുന്ന അപായ സാധ്യത ഒഴിവാക്കാന്‍ ഇതേ അളവില്‍ ജലനിരപ്പെത്തും മുമ്പേ ചെറിയ അളവില്‍ ജലം ഒഴുക്കി വിടണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്.
റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടിയും സംബന്ധിച്ചെങ്കിലും ഇക്കാര്യത്തില്‍ നിലവിലുള്ള അതോറിറ്റിയുടെ ശിപാര്‍ശ മറികടക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ഉന്നതതലസര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്നും ഇദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.ഇതേ തുടര്‍ന്നാണു ഈ ആവശ്യം ജില്ലയുടേതായി സര്‍ക്കാരിലും വൈദ്യുതി ബോര്‍ഡിലും അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഇതിനിടെ മഴക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഇന്നലെ വൈകുന്നേരം പോയിന്റ് 04 അടിവെള്ളം കുറഞ്ഞ് 2401.64 അടിയായി. കഴിഞ്ഞ ദിവസം 2401.70 വരെ എത്തിയിരുന്നു. ഇന്നലെ പദ്ധതി പ്രദേശങ്ങളില്‍ മഴയുണ്ടായില്ല. കഴിഞ്ഞ ദിവസം അണക്കെട്ട് തുറക്കുന്നതിന് കെ എസ് ഇ ബി നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മഴ കുറഞ്ഞ് നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. കനത്ത മഴ രണ്ട് ദിവസം തുടര്‍ച്ചയായി ഉണ്ടായാല്‍ മാത്രം തുറക്കേണ്ടതിനെ കുറിച്ച് ഇനി ആലോചിക്കേണ്ടതുള്ളൂ. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് കെ എസ് ഇ ബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍ കുട്ടി സമര്‍പ്പിച്ചു. മൂലമറ്റത്തെ വൈദ്യുതോത്പാദനം പരമാവധിയില്‍ തന്നെ തുടരുകയാണ്. മഴയില്ലാത്ത സാഹചര്യത്തിലും വൈദ്യുതോത്പാദനം പൂര്‍ണതോതില്‍ നടക്കുന്നതിനാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉടന്‍ ഉണ്ടാകില്ലന്ന് കെ എസ് ഇ ബി അധിക്യതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തെ മൂലമറ്റത്തെ വൈദ്യുതോത്പാദനം റെക്കാര്‍ഡായി തുടരുകയാണ്.
ഓണം ടൂറിസത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്ത ചെറുതോണി ഡാം, ഇടുക്കി ആര്‍ച്ച് ഡാം എന്നിവ കാണുന്നതിനുള്ള വന്‍ തിരക്ക് തുടരുകയാണ്.
3435 മുതിര്‍ന്നവരും 195 കുട്ടികളുമാണ് ഇന്നലെ ഡാം സന്ദര്‍ശിച്ചത്. 33 ട്രിപ്പ് ബോട്ട് സര്‍വിസും നടന്നു. 22നായിരുന്നു ചരിത്രത്തിലാദ്യമായി 17979 പേര്‍ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചത്. 62499 മുതിര്‍ന്നവരും 3610 കുട്ടികളും അണക്കെട്ട് കണ്ടു മടങ്ങി. 304 ട്രിപ്പ് ബോട്ടിംഗ് നടത്തി. ഈ വകയിലെല്ലാം കൂടി 845440 രൂപയും ലഭിച്ചു.

 

Latest