Connect with us

Ongoing News

കഥ പറഞ്ഞ് ഉറക്കുന്ന ഉമ്മക്ക് സഹലിന്റെ വിജയ സമ്മാനം

Published

|

Last Updated

മണ്ണാര്‍ക്കാട്: കഥ പറഞ്ഞുറക്കുന്ന ഉമ്മക്കരികിലേക്ക് സഹല്‍ തിരിച്ചെത്തുന്നത് വിജയ സമ്മാനവുമായി. ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്റെ മണ്ണില്‍ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കത്തിന് തിരികൊളുത്തി ഒന്നാം സ്ഥാനം നേടിയത് സി ടി സഹലെന്ന കൊച്ചുമിടുക്കനാണ്.
വേദി രണ്ടില്‍ നടന്ന ജൂനിയര്‍ കഥ പറയല്‍ മത്സരത്തിലായിരുന്നു കുടുകുടാ ചിരിപ്പിച്ച് മലപ്പുറത്ത് നിന്നെത്തിയ സഹല്‍ സദസ്സിനെ കൈയിലെടുത്തത്. ഉമ്മ സുഹ്‌റാബിയാണ് മകന് പ്രവാചകന്റെ കാരുണ്യവും ദയയും പ്രകടമാക്കുന്ന കഥയെഴുതി നല്‍കിയത്. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ വീഴ്ത്താന്‍ കുഴിയൊരുക്കി കാത്തിരുന്ന അബൂജഹല്‍ തന്നെ താന്‍കുഴിച്ച കുഴിയില്‍ പതിക്കുന്ന രംഗമാണ് ഈ വിദ്യാര്‍ഥി നര്‍മരസത്തോടെ വേദിയില്‍ അവതരിപ്പിച്ചത്. കുഴിയുടെ സമീപത്തെത്തിയ പ്രവാചകനെ ജിബ്‌രീലെത്തി പിന്തിരിപ്പിക്കുകയും നബി തിരികെ പോകുന്നത് കണ്ട് ഓടിയെത്തിയ അബൂജഹല്‍ തന്നെ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ വീണ് നിലവിളിക്കുന്നത് മുഹമ്മദ് നബിയാണെന്ന് കരുതി നേരത്തെ നിയോഗിച്ചിരുന്നവര്‍ തുടരെ കല്ലെറിഞ്ഞ് പരുക്കേല്‍പിക്കുകയും അവസാനം നബിയെത്തി അബൂജഹലിനെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ് കഥയുടെ പ്രമേയം.
കുഴിയില്‍ വീഴുന്നതും അവിടെ അബൂജഹല്‍ നടത്തുന്ന ചേഷ്ടകളുമാണ് സരസമായി സഹല്‍ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
അരീക്കോട് ഡിവിഷനിലെ കാരിപ്പറമ്പ് സ്വദേശിയായ സഹല്‍ കൊടിയത്തൂര്‍ ഫാറൂഖ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയാണ്. പിതാവ് അബ്ദുല്ല സഖാഫി പൂവത്തിക്കലിലെ മദ്‌റസാധ്യപകനാണ്. ഈ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ വസീം മുഹമ്മദിന് രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ ഷാജില്‍ മൂന്നാംസ്ഥാനവും നേടി.

 

Latest