കുട്ടിപോലീസിന്റെ ട്രാഫിക് ബോധവത്കരണം ശ്രദ്ധേയമായി

Posted on: September 21, 2013 1:38 am | Last updated: September 21, 2013 at 1:38 am

തിരൂരങ്ങാടി: ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ് പി സി ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ശുഭയാത്ര ബോധവത്കരണ ക്യാമ്പയിന്‍ ശ്രദ്ധേയമായി. ദേശീയപാതയില്‍ കക്കാട് ചെമ്മാട് ടൗണ്‍ തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വാഹനങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത കാര്‍ ഡ്രൈവര്‍മാര്‍ എന്നിവരെ അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചും അമിതവേഗതയിലും വാഹനം ഓടിച്ചവരെ ഒരു കുടുംബം നിങ്ങളെകാത്തിരിക്കുന്നുണ്ട് എന്ന സ്‌നേഹഉപദേശവും നല്‍കി. റോഡ് അപകടങ്ങളുടെ മുഖ്യകാരണം റോഡ്‌സുരക്ഷ നിയമങ്ങള്‍ പാലിക്കാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണെന്ന യാഥാര്‍ഥ്യം കുട്ടിപോലീസ് ഡ്രൈവര്‍മാരേയും യാത്രക്കാരേയും ബോധ്യപ്പെടുത്തി.
നിയമം ലംഘിക്കുന്നവരെ ഉപദേശിക്കുന്നതോടൊപ്പം നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മധുര പലഹാരം നല്‍കി അഭിനന്ദിച്ച് പോത്സാഹിപ്പിച്ചതും കൗതുകമായി. തിരൂരങ്ങാടി പോലീസ് എസ് ഐ. എ സുനില്‍ ഹൈവേ പോലീസ് എസ് ഐ സുബ്രഹ്മണ്യന്‍ അഡീഷണല്‍ എസ് ഐമാരായ മുരളി, മണി സീനിയര്‍ സി പി ഒ അശ്‌റഫ്, ശൈജു പ്രവീണ്‍, ഖുതുബുസ്സമാന്‍ സ്‌കൂള്‍ സി പി ഒ ശംസുദ്ദീന്‍, അബ്ദുല്‍അശ്‌റഫ് എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടനിര്‍ദേശം നല്‍കി.