ന്യൂനപക്ഷ പ്രമോട്ടര്‍ തസ്തിക അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചന

Posted on: September 19, 2013 2:39 am | Last updated: September 19, 2013 at 2:39 am

കണ്ണൂര്‍: കഴിഞ്ഞ ആറ് മാസക്കാലമായി വേതനം നല്‍കുകയോ ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയോ നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ തസ്തിക അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഒ വി ജാഫര്‍ ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും ജില്ലാ അടിസ്ഥാനത്തില്‍ മൂന്ന് യോഗങ്ങള്‍ ചേരുകയും ചെയ്തിട്ടുണ്ട്.

ഓരോ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും കീഴിലുള്ള ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു സര്‍വേ ഇവരെ ഉപയോഗപ്പെടുത്തി നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങാന്‍ പല പഞ്ചായത്ത് മുനിസിപ്പല്‍ അധികൃതരും വിസമ്മതിക്കുന്നു. ജില്ലാ അധികൃതരില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചില്ലായെന്നാണ് അവര്‍ പറയുന്നത്. ഉദ്യോഗതലത്തില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ കാര്യത്തില്‍ അടിയന്തിരമായും ഇടപെടണമെന്നും ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍ക്ക് വേതനവും ജോലിയെക്കുറിച്ചുള്ള വ്യക്തതയും നല്‍കണമെന്നും ജാഫര്‍ ജില്ലാ അധികൃതരോടാവശ്യപ്പെട്ടു.