കുപ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: വൈലത്തൂര്‍ തങ്ങള്‍

Posted on: September 19, 2013 12:09 am | Last updated: September 19, 2013 at 12:09 am

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും അതിന്റെ കരുത്തുറ്റ പണ്ഡിത നേതൃത്വത്തിനും പിന്നില്‍ സുന്നി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പണ്ഡിതര്‍ക്കും സുന്നി പ്രസ്ഥാനത്തിനുമെതിരില്‍ എതിരാളികള്‍ നടത്തുന്ന വിലകുറഞ്ഞ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും എസ്.വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അഭിപ്രായപ്പെട്ടു. മലപ്പുറം മഅ്ദിനില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നടത്തുന്ന മിന്‍ഹാജ് പണ്ഡിത ദര്‍സിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിനും അതിന്റെ നേതൃത്വത്തിനുമെതിരില്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അവരുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
എല്ലാ മാസവും ഇടവിട്ട തിങ്കളാഴ്ചകളിലാണ് മന്‍ഹാജ് ക്ലാസ് നടക്കുക. വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 9 ന് സമാപിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ഹുസൈന്‍ മുസ്‌ലിയാര്‍, പല്ലാര്‍ ഹസന്‍ ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ബശീര്‍ അഹ്‌സനി വടശ്ശേരി, മുഹമ്മദ് അഹ്‌സനി കോഡൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള എന്നിവര്‍ സംബന്ധിച്ചു.