എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി വിതരണം ചെയ്തു

Posted on: September 13, 2013 8:55 pm | Last updated: September 13, 2013 at 8:55 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 50 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കാന്‍ സഹായഹസ്തവുമായി ഡി വൈ എഫ് ഐ. കടുത്ത ദുരിതം പേറി ജീവിക്കുന്ന നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് 5 കിലോ അരിവീതം ഓണസമ്മാനമായി വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ വില്ലേജ് കമ്മിറ്റി 2 ഏക്കര്‍ സ്ഥലത്ത് രാസകീടനാശികളൊന്നും പ്രയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്ത് വിളവെടുത്ത് ഡി വൈ എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ഏല്‍പിച്ച 4 ക്വിന്റല്‍ നെല്ല് ഉപയോഗിച്ചാണ് അരി തയ്യാറാക്കിയത്. എന്‍ഡോസള്‍ഫാന്‍ വിഷം മണ്ണിലൊഴുക്കുകയും കിണറില്‍ തള്ളുകയും ചെയ്ത നെഞ്ചംപറമ്പിലേയും പരിസര പ്രദേശങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്കാണ് അരി വിതരണം ചെയ്തത്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഞ്ചംപറമ്പില്‍ സംഘടിപ്പിച്ച പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ വി പ്രകാശന്‍, ബി കെ നാരായണന്‍, മണിയൂര്‍ വില്ലേജ് സെക്രട്ടറി സി ബിജു, സിജിമാത്യു, ബി എം പ്രദീപ് പ്രസംഗിച്ചു. കെ ജയന്‍ സ്വാഗതം പറഞ്ഞു.