വടകരക്കാരുടെ ഹൃദയം കീഴടക്കാന്‍ ഫിറോസ് പൂക്കളമൊരുക്കുന്നു

Posted on: September 13, 2013 8:00 pm | Last updated: September 13, 2013 at 8:00 pm

firoz vadagara photoവടകര: വടകര പ്രസ്‌ക്ലബ്ബും വടകര റോട്ടറിയും ശനിയാഴ്ച ഒരുക്കുന്ന സ്‌നേഹപ്പൂക്കളം അനശ്വരമാക്കാന്‍ ലോകമറിയുന്ന ചിത്രകാരന്‍ ഫിറോസ് വടകരയും പങ്കാളിയാകും. പൂക്കളം വരക്കുന്നത് ഫിറോസാണ്. മത സഹോദര്യവും ജനകീയ ഐക്യവുമെല്ലാം ഇഴ ചേരുന്ന ചിത്രത്തിന്റെ മാതൃക ഫിറോസ് തയ്യാറാക്കിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് വടകരയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികള്‍ ഒരു പൂക്കളത്തില്‍ ഒത്തുചേരുന്നത്. രാവിലെ എട്ടുമണിക്ക് തന്നെ ഫിറോസ് കളം വരക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഫിറോസ്. ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയം,ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം,ചെന്നൈ ജെ.കെ.ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലെ മ്യൂസിയങ്ങളില്‍ ഫിറോസ് വരച്ച 100 ലേറെ ചിത്രങ്ങളുണ്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഫിറോസിന്റെ ചിത്രങ്ങള്‍ കാണാം. ലോകത്തിലെ പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുടെ വീടുകളിലുമുണ്ട് ഫിറോസ് വരച്ച ചിത്രങ്ങള്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസില്‍ തിളങ്ങുന്ന അദ്ദേഹത്തിന്റെ ചിത്രം വരച്ചതും ഫിറോസാണ്. മാറഡോണ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രവും വരച്ചു നല്‍കി. ചിത്രത്തില്‍ മാറഡോണ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍,സിനിമാതാരങ്ങള്‍ എന്നിവരുടെ ചിത്രങ്ങളും ഫിറോസ് വരച്ചുനല്‍കിയിട്ടുണ്ട്. ഒരു ചിത്രപ്രദര്‍ശനം വടകരയില്‍ നടത്തണമെന്നത് ഫിറോസിന്റെ വലിയ ആഗ്രഹമാണ്. അതിനു മുമ്പെ പൂക്കളത്തില്‍ ഒരുമയുടെ വര്‍ണങ്ങള്‍ ചാര്‍ത്തി വടകരക്കാരുടെ ഹൃദയം കീഴടക്കാന്‍ ഒരുങ്ങുകയാണ് ഫിറോസ്.