ബ്രദര്‍ഹുഡിനെ നിരോധിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി

Posted on: September 7, 2013 1:37 am | Last updated: September 7, 2013 at 1:37 am

muslim-brotherhood-logo1കൈറോ: ഈജിപ്തില്‍  ബ്രദര്‍ഹുഡിനെ നിരോധിക്കാന്‍ സൈനിക ഭരണകൂടം നീക്കമാരംഭിച്ചു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കനുകൂലമായ പ്രക്ഷോഭങ്ങള്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരോധം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ചിലാണ് ബ്രദര്‍ഹുഡ് സര്‍ക്കാറേതര സംഘടനയായി രജിസ്റ്റര്‍ ചെയ്തത്. ലക്ഷക്കണക്കിന് അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന സംഘടനക്കെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.  ജൂലൈ മൂന്നിന് മുര്‍സി പ്രസിഡന്റ് പദത്തില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം നടന്ന പ്രക്ഷോഭത്തിനിടെ ബ്രദര്‍ഹുഡിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് നിരോധ നീക്കം.
സാമൂഹിക ഏകീകരണ മന്ത്രി അഹ്മദ് അല്‍ബറായ് ബ്രദര്‍ഹുഡിനെ നിരോധിക്കാന്‍ തീരുമാനമെടുത്തതായി മന്ത്രാലയ വക്താവ് ഹാനി മഹാന പറഞ്ഞു. വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി തിരിച്ചെത്തിയാലുടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.