കോട്ടക്കല്‍ ടൗണില്‍ വണ്‍വേ പരിഷ്‌കരണം നാളെ മുതല്‍ നിലവില്‍ വരും

Posted on: September 4, 2013 12:35 am | Last updated: September 4, 2013 at 12:35 am

കോട്ടക്കല്‍: ടൗണിലെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. വണ്‍വെയാക്കിയ പോക്കറ്റ് റോഡുകളിലെ ഗതാഗത നിയന്ത്രണമാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞമാസം ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി തീരുമാന പ്രകാരമാണ് ഇവ നടപ്പിലാക്കുന്നത്. 
കഴിഞ്ഞ മാസം നടപ്പിലാക്കാനിരുന്ന തീരുമാനം ആട്ടീരി റോഡിന്റെ പുനരുദ്ധാരണം കാരണം വൈകുകയായിരുന്നു. ഓട അടക്കാനായി സ്ലാബുകള്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതായിരുന്നു. പരിഷ്‌കാരത്തിനായി പത്ത് ദിവസത്തിനകം റോഡ് നന്നാക്കാനാവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍ത്തിയായിരുന്നില്ല. ബി എച്ച് റോഡ്, ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് വശത്തെ റോഡ്, മാര്‍ക്കറ്റ് റോഡ്, ആട്ടീരി റോഡ് തുടങ്ങിയവയാണ് വണ്‍വെയാക്കുന്നത്. സ്റ്റാന്‍ഡിന് പടിഞ്ഞാറ് വശത്തെ റോഡിലൂടെ പ്രവേശനം മാത്രമെ അനുവദിക്കൂ. ഇത് വഴി മലപ്പുറം റോഡിലേക്കുള്ള പ്രവേശനം തടയും.
ടൗണിലെ ഗതാഗത കുരുക്ക് തീര്‍ക്കാന്‍ ഒന്നര മാസം മുമ്പാണ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമായത്. ആദ്യ പടിയായി ചങ്കുവെട്ടി മുതല്‍ ധര്‍മാശുപത്രി വരെയുള്ള ഡിവൈഡറുകളിലെ വിടവുകള്‍ അടച്ചിരുന്നു. ഇതോടെ ടൗണിലെ ഗതാഗത കുരുക്ക് ഏറെയും പരിഹരിച്ചു. പോക്കറ്റ് റോഡുകള്‍ വണ്‍വെയാകുന്നതോടെ ഇപ്പോയുള്ള തിരക്കും കുറക്കാനാകും. ഓട്ടോകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനങ്ങള്‍കൂടി നടപ്പിലാക്കുന്നതോടെ ടൗണില്‍ പൂര്‍ണമായും തിരക്കൊഴിയുമെന്നാണ് കരുതുന്നത്.
ഈ പരിഷ്‌കാരങ്ങളും ഇതോടൊപ്പം നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓട്ടോ തൊഴിലാളികളില്‍ നിന്നുയര്‍ന്ന അഭിപ്രായത്തെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചക്കായി മാറ്റി വെച്ചിരിക്കുകയാണ്. ആട്ടീരി റോഡിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ ടി വി സുലൈഖാബി നിര്‍വഹിച്ചു. എസ് ഐ. കെ പി ബെന്നി, പി മൂസ കുട്ടി ഹാജി പങ്കെടുത്തു.