Connect with us

International

സ്‌നോഡന് വിസില്‍ബ്ലോവര്‍ പുരസ്‌കാരം

Published

|

Last Updated

ബെര്‍ലിന്‍: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ പദ്ധതി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ മുന്‍ യു എസ് ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് ജര്‍മന്‍ വിസില്‍ബ്ലോവര്‍ പുരസ്‌കാരം. 3,900 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തില്‍ സമ്മാനിച്ചു. ബെര്‍ലിനില്‍ നടന്ന ചടങ്ങില്‍ സ്‌നോഡന്റെ സന്ദേശം വായിച്ചു. “ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും പൊറുപ്പിക്കാനാകാത്ത പ്രവണത പുറത്തു കൊണ്ടുവന്ന സ്‌നോഡന്‍ ധീരമായ മുന്നേറ്റമാണ് നടത്തിയത്. മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ആഗോളതലത്തില്‍ അമേരിക്ക തയ്യാറാക്കിയ പദ്ധതിയാണ് സ്‌നോഡന്‍ പുറത്തു കൊണ്ടുവന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് അപകടകരമായ സേവനമാണ് അദ്ദേഹം ചെയ്തതെ”ന്നും പുരസ്‌കാര സമിതി വിലയിരുത്തി.
ഇത്തരം നീരിക്ഷണങ്ങള്‍ അപകടകരമാണെന്ന് ചരിത്രം തെളിയിച്ചതാണെന്ന് സ്‌നോഡന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഒരോ സര്‍ക്കാറും തങ്ങളുടെ പൗരന്‍മാരോട് കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. സ്‌നോഡന്‍ നല്‍കിയ വിവരങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍ പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാല്‍ഡ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഒരൊറ്റ വ്യക്തിക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാമെന്ന് സ്‌നോഡന്‍ തെളിയിച്ചുവെന്ന് ഗ്രീന്‍വാല്‍ഡ് പറഞ്ഞു.
ചാരക്കുറ്റം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ തുടങ്ങിയവ ചുമത്തപ്പെട്ട സ്‌നോഡന്‍ ആദ്യം ഹോംഗ്‌കോംഗിലേക്കും പിന്നീട് മോസ്‌കോയിലേക്കും കടക്കുകയായിരുന്നു. ജൂണ്‍ 22 മുതല്‍ മോസ്‌കോയിലാണ് അദ്ദേഹം കഴിയുന്നത്. ആഗസ്റ്റ് ആദ്യം അദ്ദേഹത്തിന് റഷ്യ താത്കാലിക അഭയം നല്‍കിയിരുന്നു.
ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ ആംസ് ജര്‍മന്‍ ഘടകവും അസോസിയേഷന്‍ ഓഫ് ജര്‍മന്‍ സയന്റിസ്റ്റും ചേര്‍ന്ന് 1999ലാണ് വിസില്‍ബ്ലോവര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

 

Latest