Connect with us

Palakkad

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്: 25 ഹെക്ടര്‍ സ്ഥലത്ത് മുത്താറിക്കൃഷി നടത്തുന്നു

Published

|

Last Updated

പട്ടാമ്പി: അട്ടപ്പാടി ഊരുകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൃഷി വിജ്ഞാന കേന്ദത്തിന്റെ മുത്താറിക്കൃഷി അട്ടപ്പാടിയില്‍. അട്ടപ്പാടിയിലെ തനതു ജനവിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിജ്ഞാന വിഭാഗം ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം, ബാംഗ്ലൂര്‍ സോണ്‍ എട്ടിന്റെയും, ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ മില്ലറ്റ്‌സ് കോ- ഓഡിനേറ്റിംഗ് യൂനിറ്റിന്റെയും നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി മുത്താറിയുടെ അത്യുത്പാദനശേഷിയുള്ള ഇനമായ ജി പി യു ഊരുകളില്‍ വിതരണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിജ്ഞാന വ്യാപന വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എം ഇസ്രേയല്‍ തോമസ്, ടെക്‌നിക്കല്‍ ഓഫീസര്‍ വി പി ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫിന്റെ സഹായത്തോടെയാണ് വിത്ത് വിതരണം നടത്തിയത്. അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍, അഗളി ഗ്രാമപഞ്ചായത്തുകളിലെ 25 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്. കൃഷിക്കാവശ്യമായ വിത്ത്, നരസിമുക്ക്, നെല്ലിപ്പതി, കാവുണ്ടിക്കല്‍ കോളപ്പാടി, പാലൂര്‍ ഊരുകളിലാണ് വിതരണം ചെയ്തത്. റാഗിക്കൃഷിയുടെ വിത മുതല്‍ വിളവെടുപ്പ് വരെ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടമു ണ്ടാകുമെന്ന് ഡോ. എം ഇസ്രേയല്‍ അറിയിച്ചു.

Latest