രാത്രി വഴിയില്‍ തട്ടിയ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചു

Posted on: July 27, 2013 10:13 am | Last updated: July 27, 2013 at 10:13 am

തലശ്ശേരി: ശ്മശാന വഴിയില്‍ രാത്രി കൊണ്ടുതള്ളിയ വര്‍ക്‌ഷോപ്പ് മാലിന്യങ്ങള്‍ സ്ഥാപന നടത്തിപ്പുകാരെ വിളിച്ചു വരുത്തി പകല്‍ വെളിച്ചത്തില്‍ തിരിച്ചെടുപ്പിച്ചു. തലശ്ശേരി നഗരസബാ ആരോഗ്യ വിഭാഗവും കൗണ്‍സിലര്‍മാരും കൈകോര്‍ത്താണ് സാമൂഹിക ദ്രോഹ പ്രവര്‍ത്തിക്ക് മാതൃകാ ശിക്ഷ നടപ്പാക്കിയത്.
ഗോപാല്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ച്യൂണ്‍ മോട്ടാരല്‍സ് സര്‍വീസ് സെന്ററില്‍ നിന്നുള്ള മാലിന്യങ്ങള്‍ മിനി ലോറിയില്‍ നിറച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് എരഞ്ഞോളി കണ്ടിക്കലിലെ ശ്മശാന വഴിയില്‍ തള്ളിയത്. വെള്ളിയാഴ്ച രാവിലെയാണ് മാലിന്യക്കെട്ടുകള്‍ ദേശവാസികള്‍ കണ്ടത്. വിവരമറിഞ്ഞ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരായ ടി കെ പ്രേമന്‍, വി എം സുകുമാരന്‍, ടി എ സുനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞത് ഫോര്‍ച്യൂണ്‍ മോട്ടേഴ്‌സില്‍നിന്നാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചത്.