ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

Posted on: July 23, 2013 6:00 am | Last updated: July 22, 2013 at 11:53 pm

SIRAJ.......ഭക്ഷ്യ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ലബോറട്ടറി സൗകര്യം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള ചില ലബോറട്ടറികള്‍ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്താനും അതിര്‍ത്തി പ്രദേശങ്ങളില്‍ പുതിയ ലബോറട്ടറികള്‍ ആരംഭിക്കാനുമാണ് പദ്ധതി. ഓണം, പെരുന്നാള്‍ തുടങ്ങിയ ആഘോഷ വേളകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം ല്‍കിയിട്ടുണ്ട്.
ഭക്ഷ്യ വിഷബാധകള്‍ വര്‍ധിക്കുകയും ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലായിരിക്കണം സര്‍ക്കാറിന്റെ ഈ തീരുമാനം. നക്ഷത്ര ഹോട്ടലുകളടക്കം സംസ്ഥാനത്തെ പൊതു ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ ഏറെയും വൃത്തിഹീനമാണെന്നും പഴകിയതും ഗുണനിലവാരം കുറഞ്ഞതുമായ ഭക്ഷ്യപദാര്‍ഥങ്ങളാണ് പല ഹോട്ടലുകളിലും വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനളില്‍ കണ്ടെത്തിയതാണ്. കഴിഞ്ഞ മാസം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരം ചില ഹോട്ടലുകള്‍ അടപ്പിക്കുകയും ലൈസന്‍സ് റദ്ദാക്കുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഷവര്‍മ വിഷബാധയുടെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയില്‍ നൂറോളം ഹോട്ടലുകള്‍ അടപ്പിച്ചിരുന്നു. ‘വില അടിക്കടി മുന്നോട്ട് ഗുണനിലവാരം താഴോട്ട’് എന്നതാണ് പൊതുവെ ഹോട്ടലുകളിലെ സ്ഥിതി. ആഴ്ചകളോളം ഫ്രീസറില്‍ സൂക്ഷിക്കുന്ന മാംസവും മത്സ്യവുമാണ് പല ഭക്ഷ്യശാലകളിലും പാകം ചെയ്യുന്നത്.
റേഷന്‍ സാധനങ്ങളുടെ കാര്യവും കഷ്ടമാണ്. വര്‍ഷങ്ങളോളം ഗോഡൗണുകളില്‍ സൂക്ഷിച്ച് പഴകി പൂപ്പ് ബാധിച്ച അരിയും ഗോതമ്പുമാണ് പലപ്പോഴും റേഷന്‍ കടകളില്‍ നിന്ന് ഉപഭോക്താവിന് ലഭിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ റേഷനരിയില്‍ നിന്ന് ചത്ത എലിയെയും തൃക്കരിപ്പൂരിലെ കടയില്‍ വിതരണം ചെയ്ത അരിയില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തത് അടുത്തിടെയാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് ഇത്തരം ഗുണനിലവാരമില്ലാത്ത ധാന്യങ്ങളാണ്. ബീഹാറിലേത് പോലുള്ള ഭക്ഷ്യവിഷ ബാധ ഇതുവരെ കേരളത്തിലെ സ്‌കൂളുകളില്‍ സംഭവിക്കാതിരുന്നത് നമ്മുടെ കുട്ടികളുടെ ഭഗ്യം കൊണ്ട് മാത്രം.
കറിപ്പൊടികള്‍ ,പച്ചക്കറി, അച്ചാര്‍, പഴങ്ങള്‍ തുടങ്ങി വിപണികളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. ഫ്യൂറിഡാന്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ മാരക കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറികള്‍ ലഭിക്കണമെങ്കില്‍ സ്വന്തമായി കൃഷി ചെയ്യേണ്ടി വരും. പാക്കറ്റുകളിലെത്തുന്ന മസാലപ്പൊടികളും അച്ചാറുകളും രാസവസ്തുക്കളടങ്ങിയത് തന്നെ. ഇതു കണ്ടെത്തി നടപടിയെടുക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരുണ്ടെങ്കിലും റെയ്ഡും അന്വേഷണവുമൊക്കെ പലപ്പോഴും പ്രഹസനമായി മാറുന്നു.
എല്ലാവര്‍ക്കം ഭക്ഷണം ഉറപ്പാക്കുക മാത്രമല്ല, അത് മായമില്ലാത്തതും ശുദ്ധവുമാണെന്ന് തീര്‍ച്ചപ്പെടുത്താനുള്ള ഉത്തരവാദവും സര്‍ക്കാറിനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയമാണെ ന്നാണ് അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും റേഷന്‍ കടകളിലെയും മറ്റും ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും കാണിക്കുന്നത്. ഫുഡ് സേഫ്റ്റി കമ്മീഷനാണ് ഭക്ഷണപദാര്‍ഥങ്ങളില്‍ മായമില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത. അത് നിര്‍വഹിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരോ പശ്ചാത്തല സൗകര്യ ങ്ങളോ ഇല്ലെന്നാണ് അവരുടെ പരാതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഭക്ഷ്യയോ ഗ്യമല്ലാത്ത സാധനങ്ങളുടെ വിപണനം തടയുന്നതിന് ഒട്ടേറെ തീരുമാനങ്ങളെടുത്തിരുന്നു. സ്ഥിരമായ പരിശോധന, ഹോട്ടലുകളുടെ നിലവാര ത്തിനനുസരിച്ച് പിഴ ഈടാക്കുക, ഹോട്ടലുക ള്‍ക്കും, ബേക്കറികള്‍ക്കും ഭക്ഷണസാധ നങ്ങള്‍ നല്‍കുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന് ഭക്ഷ്യസു രക്ഷാ വകുപ്പില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക, പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ക്രമീകരണങ്ങള്‍, ഹോട്ടല്‍,ബേക്കറി ഉടമകള്‍ക്ക് ബോധവത്കരണ കഌസുകള്‍, ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ച് മാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം തുടങ്ങിയവയായിരുന്നു മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, കെ സി ജോസഫ്, തദ്ദേശ, നിയമകാര്യവകുപ്പ് സെക്രട്ടറിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസും സംസ്ഥന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും ഉറപ്പ് നല്‍കിയിരുന്നതുമാണ്. ഈ പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമൊക്കെ കടലാസിലൊതുങ്ങുകയായിരുന്നു. ലബോറട്ടറികള്‍ തുടങ്ങാനുള്ള തീരുമാനത്തിന് ഈ ഗതി വരാതിരിക്കട്ടെ.

ALSO READ  പാഴാക്കുന്ന ഭക്ഷണം മതി ദാരിദ്ര്യ നിർമാർജനത്തിന്