Connect with us

Kerala

വെള്ളക്കരം ഇരട്ടിയാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: വെള്ളക്കരം കുത്തനെ കൂട്ടാന്‍ അണിയറയില്‍ തിരക്കിട്ട നീക്കം. മിനിമം നിരക്ക് ഇരട്ടിയാക്കുന്നത് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് വന്‍ ആഘാതമുണ്ടാക്കും വിധം നിരക്ക് വര്‍ധിപ്പിക്കാനാണ് ശ്രമം. നിരക്ക് വര്‍ധിപ്പിക്കാനായി വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ നിര്‍ദേശം ഈ മാസം 24ന് ചേരുന്ന വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിക്കുമെന്നാണ് സൂചന. ബോര്‍ഡ് തീരുമാനിച്ചാലുടന്‍ സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
ഗാര്‍ഹിക ഉപഭോക്താക്കളുടെ മിനിമം നിരക്ക് നാല് രൂപയില്‍ നിന്ന് എട്ട് രൂപയാക്കാനാണ് നിര്‍ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നിരക്ക് വര്‍ധനയെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. അഞ്ച് വര്‍ഷത്തിനുശേഷമാണ് വെള്ളക്കരം വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മാതൃകയില്‍ വെള്ളക്കരം നിശ്ചയിക്കുന്നതിനായി വാട്ടര്‍ റഗുലേറ്ററി കമ്മീഷനെ നിയോഗിക്കാനുള്ള നിയമം പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. റഗുലേറ്ററി കമ്മീഷന്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചെങ്കിലും പൊതു തെളിവെടുപ്പ് വേണമെന്നായിരുന്നു സബ്ജക്ട് കമ്മിറ്റി നിലപാട്.
നടപ്പു സാമ്പത്തിക വര്‍ഷം വാട്ടര്‍ അതോറ്റിയുടെ നഷ്ടം 296.56 കോടി രൂപയാണെന്നാണ് എം ഡി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. താരിഫ് പുതുക്കുന്നതിലൂടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് 3,22,21,54,782 രൂപയും ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്ന് 1,56,51,18,910 രൂപയും വ്യാവസായിക ഉപഭോക്താക്കളില്‍നിന്ന് 10,64,64,633 രൂപയും കണ്ടെത്താനുള്ള നിര്‍ദേശമാണ് അതോറിറ്റി തയ്യാറാക്കിയത്. വെള്ളക്കരം കൂട്ടുന്നതോടെ ഓരോ സ്ലാബിലും ഇരട്ടിയിലധികം രൂപയുടെ വര്‍ധന വരും. അഞ്ച് കിലോ ലിറ്റര്‍ മുതല്‍ പത്ത് കിലോ ലിറ്റര്‍ വരെയുള്ള സ്ലാബിന് 20 രുപയില്‍ നിന്നും 40 രൂപയാക്കണമെന്നാണ് നിര്‍ദേശം. 10 മുതല്‍ 20 വരെ കിലോ ലിറ്റര്‍ സ്ലാബിന് 45 രൂപയില്‍ നിന്നും 90 രൂപയായും 20 മുതല്‍ 30 വരെ കിലോ ലിറ്റര്‍ സ്ലാബിന് 90ല്‍ നിന്ന് 210 ഉം 30 മുതല്‍ 40 വരെ 150ല്‍ നിന്ന് 370 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശിപാര്‍ശ.
ഗാര്‍ഹികേതര വെള്ളക്കരം കുറഞ്ഞത് 125 രൂപയും കിലോലിറ്ററിന് 10 രൂപയുമായിരുന്നത് കിലോലിറ്ററിന് 15 രൂപയായി വര്‍ധിപ്പിക്കും. 15 കിലോലിറ്റര്‍ എന്ന പരിധി 10 കിലോലിറ്ററായി കുറക്കും. 1,550 വരെ കുറഞ്ഞത് 150 രൂപയും കിലോലിറ്ററിന് 14 രൂപയും ആയിരുന്നതു വര്‍ധിപ്പിക്കും. നിലവില്‍ 50 കിലോലിറ്റര്‍ എന്നത് മുപ്പതായി കുറക്കാനും കുറഞ്ഞ നിരക്ക് നിലനിര്‍ത്തി കിലോലിറ്ററിന് 18 രൂപയാക്കാനുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്.
അമ്പത് കിലോലിറ്ററിന് മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 640 രൂപയും കിലോലിറ്ററിന് 25 രൂപയുമായിരുന്നത് യഥാക്രമം 960 രൂപയും കിലോലിറ്ററിന് 35 രൂപയുമാക്കും. വ്യാവസായികാവശ്യത്തിനുള്ള വെള്ളത്തിന് നിലവില്‍ മിനിമം 250 രൂപയും കിലോലിറ്ററിന് 25 രൂപയുമായിരുന്നു. കുറഞ്ഞ നിരക്ക് ഒഴിവാക്കി കിലോലിറ്ററിന് ഇത് 35 രൂപയാക്കാനാണ് നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല്‍ നേരത്തെ തന്നെ നിരക്ക് വര്‍ധിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി തിരുമാനമെടുത്തിരുന്നുവെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം മാറ്റിവെക്കുകയായിരുന്നു.
അതേസമയം, കുടിവെള്ളത്തിന്റെ കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചു. കൂട്ടില്ലെന്ന് പറയാന്‍ കഴിയില്ല. ബോര്‍ഡ് ഇതുവരെ സര്‍ക്കാറിന് മുന്നില്‍ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച നിര്‍ദേശമൊന്നും വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.