മാതാവിന്റെ മരണമറിഞ്ഞ് പുറപ്പെട്ട മകന്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് പരുക്ക്

Posted on: July 18, 2013 1:10 am | Last updated: July 18, 2013 at 1:10 am

എടപ്പാള്‍: മാതാവിന്റെ മരണ വിവരമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട കാറ് അപകടത്തില്‍ പെട്ട് മകനും ഡ്രൈവര്‍ക്കും ഗുരുതര പരുക്കേറ്റു. സംസ്ഥാന പാതയില്‍ നടുവട്ടം കാലടിത്തറയിലായിരുന്നു അപകടം.

ചെങ്ങന്നൂര്‍ മലയില്‍ പുത്തന്‍വീട്ടില്‍ ശബരീനാഥ് (33), തിരൂര്‍ സ്വദേശിയായ കാര്‍ഡ്രൈവര്‍ ഇസ്മാഈല്‍ (52) എന്നിവരാണ് ഗുരുതര പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. ശബരീനാഥിന്റെ മാതാവ് ഗുരുതരാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ജോലിസ്ഥലത്തുനിന്നും നാട്ടിലേക്ക് ട്രെയിനില്‍ യാത്ര പുറപ്പെട്ടതായിരുന്നു. തിരൂരില്‍ എത്താറായപ്പോഴാണ് മാതാവ് മരിച്ചെന്ന വിവരം ലഭിച്ചത്. അതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലെ സ്റ്റാന്റില്‍ നിന്ന് കാറ് വിളിച്ച് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു. റോഡിലെ കുഴിയില്‍ ചാടിയ കാര്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനകത്ത് കുടുങ്ങിയ ശബരീനാഥിനെയും ഡ്രൈവറെയും കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിച്ച ഇരുവരെയും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂരിലേക്ക് മാറ്റുകയായിരുന്നു.