Connect with us

National

രാമക്ഷേത്രം പ്രചാരണ തന്ത്രമാക്കുന്നതിന് ആര്‍ എസ് എസിന്റെ പച്ചക്കൊടി

Published

|

Last Updated

നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്ര വിഷയം പ്രചാരണോപാധിയാക്കാനുള്ള ബി ജെ പിയുടെ പ്രചാരണ മേധാവി നരേന്ദ്ര മോഡിയുടെ പദ്ധതിക്ക് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പച്ചക്കൊടി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് മോഡിയും മോഹന്‍ ഭഗവതും നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്.
തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ പരിഗണിക്കുമെന്നും ആര്‍ എസ് എസ് ഉറപ്പ് നല്‍കി. രാമക്ഷേത്ര വിഷയം കൂടാതെ വികസന അജന്‍ഡകളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഭഗവത് നിര്‍ദേശിച്ചു.
ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയടക്കമുള്ള ഉന്നത സംഘ് നേതാക്കള്‍ സന്നിഹിതരായിരുന്നു. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഇടയിലെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ബി ജെ പി ജനറല്‍ സെക്രട്ടറി രാംലാലിനെ കുറച്ചുനേരത്തേക്ക് യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു. ഭഗവത്- മോഡി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ബി ജെ പി നേതാക്കളെ അറിയിക്കാന്‍ രാംലാലിനെ ഏല്‍പ്പിച്ചു. ഒഡീഷയിലെ പര്യടനം കഴിഞ്ഞാണ് മോഡി നാഗ്പൂരിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേധാവിയായതിനു ശേഷം ആദ്യമായാണ് മോഡി ആര്‍ എസ് എസ് ആസ്ഥാനത്തെത്തുന്നത്.

Latest