സംസ്ഥാനത്ത് അരിവില കുതിക്കുന്നു

Posted on: July 18, 2013 12:36 am | Last updated: July 18, 2013 at 12:36 am

പാലക്കാട്: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 38 ശതമാനം വില വര്‍ധനയാണുണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദ്ഗധര്‍ പറയുന്നത്. ഇത് സംസ്ഥാനത്തെ വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 27 രൂപ 10പൈസ ആയിരുന്ന കുത്തരിയുടെ ഇപ്പോഴത്തെ വില 37.25 രൂപയാണ്. 37.45 ശതമാനം വര്‍ധനവാണ് കുത്തരി വിലയില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. മട്ട അരിക്ക് 28.50 രൂപ ഉണ്ടായിരുന്നത് 36.93 യായി വര്‍ധിച്ചു. ജയ, ചെമ്പ, പൊന്നി, ഐ ആര്‍ എട്ട് തുടങ്ങിയയിനങ്ങള്‍ക്കും 15.41 ശതമാനം മുതല്‍ 29.41 ശതമാനം വരെ വില കൂടിയിട്ടുണ്ട്.
പച്ചക്കറികള്‍ക്കും വന്‍വില വര്‍ധനയാണ് ഒരു വര്‍ഷത്തിനകം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14.36 വിലയുണ്ടായിരുന്ന സവാളയുടെ ഇപ്പോഴത്തെ വില 31.70 രൂപയാണ്.
116.41 ശതമാനം വില വര്‍ധനയാണ് സവാളക്കുണ്ടായിരിക്കുന്നത്. ചെറിയ ഉള്ളിക്ക് 57 ശതമാനവും വെളുത്തുള്ളിക്ക് 28.20 ശതമാനവും പയറുത്പന്നങ്ങള്‍ക്ക് 17ശതമാനവും മല്ലി, മഞ്ഞള്‍ എന്നിവക്ക് 22.20 ശതമാനം മുതല്‍ 78.50 ശതമാനം വരെയും വില കൂടിയിട്ടുണ്ട്.
വെണ്ടക്ക, പടവലങ്ങ, പച്ചക്കപ്പ, നേന്ത്രക്കായ എന്നിവക്ക് 20.29 ശതമാനം മുതല്‍ 52.44 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ പലവ്യഞ്ജനങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ഓണം അടുക്കുന്നതോടെ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.