Connect with us

Kerala

ഫേസ് ബുക്ക് പ്രണയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് ബംഗളൂരുവില്‍ പിടിയിലായതായി സൂചന

Published

|

Last Updated

വണ്ടൂര്‍: ഫേസ് ബുക്ക് ചങ്ങാത്തത്തിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് ബംഗളൂരുവില്‍ പിടിയിലാതായി സൂചന. എറണാകുളം പെരുമ്പാവൂര്‍ ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ടില്‍ സുബൈറി(26)നെയാണ് അന്വേഷണ സംഘം വലയിലാക്കിയത്.

കാളികാവ് അടക്കാക്കുണ്ട് സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് യുവാവ് ഫേസ് ബുക്ക് ചങ്ങാത്തത്തിലൂടെ വലയിലാക്കിയത്. ടൈല്‍സ് ജോലിക്കാരനാണ് സുബൈര്‍. മെയ് 21നാണ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിനിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് മെയ് 22ന് കാളികാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. തുടര്‍ന്ന് 14 ദിവസത്തിനകം കുട്ടിയെ ഹാജരാക്കണമെന്ന് കാണിച്ച് കോടതി വണ്ടൂര്‍ കാളികാവ് എസ് ഐമാര്‍ക്ക് നിര്‍ദേശം നല്‍കി.
സമയപരിധിക്കകം ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്ന് കോടതി വീണ്ടും വണ്ടൂര്‍ സി ഐക്ക് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതിയെത്തേടി പോലീസ് ബംഗളൂരുവിലെത്തിയിരുന്നു. അവസാനമായി പ്രതിയുടെ മൊബൈലില്‍ നിന്ന് ഫോണ്‍കോള്‍ പോയത് ബംഗളൂരുവിലെ ശാന്തി നഗറില്‍ നിന്നാണെന്ന് പോലീസ് മനസ്സിലാക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോനെ നേരത്തെ പിടികൂടിയിരുന്നു. വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സുബൈറിന്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.