ഏഷ്യന്‍ ബോക്‌സിംഗില്‍ ശിവ ഥാപക്ക് സ്വര്‍ണം

Posted on: July 9, 2013 8:56 am | Last updated: July 9, 2013 at 8:56 am

shiv dhapaഅമ്മാന്‍ (ജോര്‍ദാന്‍): ബോക്‌സിംഗില്‍ ഇന്ത്യയുട പുത്തന്‍ പ്രതീക്ഷയായ ശിവ ഥാപ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞു. 56 കിലോഗ്രാം വിഭാഗത്തിലാണ് ശിവ ഥാപയിലൂടെ രാഷ്ട്രം പൊന്നണിഞ്ഞത്.

അതേ സമയം, ഫൈനലില്‍ തോറ്റ ദേവേന്ദ്ര സിംഗിനും (49 കി.ഗ്രാം) മന്‍ദീപ് ജംഗ്ര (69 കി.ഗ്രാം)ക്കും സ്വര്‍ണത്തിളക്കം നഷ്ടമായി – രണ്ട് വെള്ളി മെഡലുകള്‍. 64 കി.ഗ്രാം വിഭാഗത്തില്‍ മനോജ് കുമാറിന് വെങ്കലം.
ഭരണതലത്തിലെ പാളിച്ചകള്‍ കാരണം ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ കൊടിക്ക് കീഴിലാണ് മത്സരിക്കാനിറങ്ങിയത്. അസമില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍ ഫൈനലില്‍ ജോര്‍ദാന്റെ സൂപ്പര്‍ താരം ഒബാഡ അല്‍കാബെയെ 2-1ന് തോല്‍പ്പിച്ചാണ് ചാമ്പ്യനായത്. ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തില്‍ ടാക്ടിക്കല്‍ പോയിന്റുകളാണ് ശിവ ഥാപക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്.
കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഒളിമ്പിക് അരങ്ങേറ്റം നടത്തിയ ശിവ ഥാപ ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. 1994 ല്‍ രാജ്കുമാര്‍ സാംഗ്‌വനും 2009 ല്‍ സുരഞ്‌ജോയ് സിംഗുമാണ് ഏഷ്യന്‍ വന്‍കരയുടെ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ ഇന്ത്യക്കാര്‍.
ശിവയുടെ പ്രകടനം ഉന്നത നിലവാരത്തിലുള്ളതായിരുന്നുവെന്ന് ദേശീയ ടീം കോച്ച് ഗുര്‍ബാക്‌സ് സിംഗ് സന്ധു പറഞ്ഞു. മൂന്ന് റൗണ്ടിലും ശിവ മുന്നിട്ടു നിന്നു. ബുദ്ധിപരമായിട്ടായിരുന്നു അവന്റെ നീക്കം. വിജയികളെ കുറിച്ച് തര്‍ക്കമുണ്ടാകാം. പക്ഷേ, ജോര്‍ദാന്‍ താരത്തെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ശിവ തന്നെ- ഗുര്‍ബാക്‌സ് സിംഗ് പറഞ്ഞു.
കസാഖിസ്ഥാന്റെ ടിമെര്‍താസ് സുസോപോവിനോട് കലാശപ്പോരാട്ടം തോറ്റതാണ് ദേവേന്ദ സിംഗിന് സ്വപ്നം കണ്ടിരുന്ന സ്വര്‍ണം നഷ്ടമാക്കിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ദേവേന്ദ്ര പിന്തള്ളപ്പെട്ടത് ടാക്ടിക്കല്‍ പോയിന്റ് പരിഗണിച്ചപ്പോഴാണ്.
ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ബൗട്ടില്‍ 2-1നാണ് തോല്‍വി. ദേവേന്ദ്രോ പൂര്‍ണമായും അര്‍പ്പിച്ചിരുന്നു. പക്ഷേ, ഫലം നിരാശപ്പെടുത്തുന്നതായി. എങ്കിലും, അയാളുടെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. ദേവേന്ദ്രോ ലോകോത്തര ബോക്‌സറായിക്കൊണ്ടിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു താരവും തന്നെ നിരാശപ്പെടുത്തിയിട്ടില്ല. തോല്‍വിയിലും അവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഞാനേറെ സന്തോഷവാനാണ്- ഗുര്‍ബാക്‌സ് സിംഗ് പറഞ്ഞു.
മന്‍ദീപിനെ ഫൈനലില്‍ തോല്‍പ്പിച്ചത് 2010 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ കസാഖിസ്ഥാന്റെ ഡാനിയര്‍ യെലെയുസിനോവാണ്.
എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുപ്പവും പരിചയക്കുറവും മന്‍ദീപിനാണ്. ഏകപക്ഷീയ പോരാട്ടമായി മാറുമെന്ന് കരുതിയ ഫൈനലില്‍ മന്‍ദീപ് ഡാനിയറിന് വെല്ലുവിളി സൃഷ്ടിച്ചു.