Connect with us

Kerala

മെട്രോ റെയില്‍: ശ്രീധരനെതിരെ ടോം ജോസ് അയച്ച കത്ത് പുറത്തായി

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ മുന്‍ എം ഡി. ടോം ജോസ് ഡി എം ആര്‍ സിക്കും മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമെതിരെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് അയച്ച കത്ത് പുറത്തുവന്നു.
തന്നെ കെ എം ആര്‍ എല്‍. എം ഡി സ്ഥാനത്ത് നിന്ന് നീക്കിയതിനെ വിമര്‍ശിച്ചും ഇ ശ്രീധരനും ഡി എം ആര്‍ സിയും കഴിവില്ലാത്തവരാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് അഞ്ച് പേജ് വരുന്ന കത്ത് ടോം ജോസ് നല്‍കിയത്. മെട്രോ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് ഇ ശ്രീധരന്റെയും ഡി എം ആര്‍ സിയുടെയും ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദമുണ്ടായി. ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കത്തിനെതിരെ നിലകൊണ്ട് ശ്രീധരന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി. കെ എം ആര്‍ എല്ലിനെ നോക്കുകുത്തിയാക്കി. ധനപരമായ സുതാര്യത ഇല്ലാതാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഡി എം ആര്‍ സിയുടെ സാങ്കേതിക പരിജ്ഞാനം കാലഹരണപ്പെട്ടതാണ്. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ ലിങ്ക് പദ്ധതി വിമര്‍ശം ഉയര്‍ന്നത് കൊണ്ടാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇതുസംബന്ധിച്ച പത്ര കട്ടിംഗും പരാതിക്കൊപ്പം വെച്ചതായും കത്തില്‍ പറയുന്നു.
2012 ആഗസ്റ്റ് 17ന് കെ എം ആര്‍ എല്‍. എം ഡി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ടോം ജോസ് ആഗസ്റ്റ് 20നാണ് ചട്ടവിരുദ്ധമായി ഈ കത്ത് അയച്ചിട്ടുള്ളത്. സുധീര്‍ കൃഷ്ണക്ക് കത്തയച്ചതാകട്ടെ സെപ്തംബറിലുമാണ്. നേരത്തെ ഇ ശ്രീധരന്റെ അധികാരപദവികള്‍ എന്തെന്ന് ചോദിച്ച് ഡി എം ആര്‍ സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണക്ക് ടോം ജോസ് കത്ത് നല്‍കിയിരുന്നു. ഇത് പുറത്തുവന്നത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി എ ജിക്ക് കത്ത് നല്‍കിയത്. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഭരണസംവിധാനത്തിന് കത്തയക്കുക എന്ന ഗുരുതരമായ തെറ്റാണ് ഇതിലൂടെയുണ്ടായത്. നിലവില്‍ കെ എസ് എന്‍ സിയുടെ ചെയര്‍മാന്‍ പദവിയില്‍ ഇരിക്കുന്നയാള്‍ മറ്റൊരു പദ്ധതിയില്‍ അനധികൃതമായി ഇടപെടുന്നതും ഗുരുതരമായ തെറ്റാണ്.
ടോം ജോസിനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് ശിപാര്‍ശ ചെയ്തിരുന്നതായി അറിയുന്നു. തികഞ്ഞ അച്ചടക്കലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ടോം ജോസിനെതിരെ ആര്യാടന്‍ നടപടിക്ക് ശിപാര്‍ശ ചെയ്തത്. കത്തിന് താഴെതന്നെയാണ് ഇത് സംബന്ധിച്ച കുറിപ്പ് ആര്യാടന്‍ രേഖപ്പെടുത്തിയത്.

Latest