അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം നവംബറില്‍

Posted on: July 4, 2013 8:19 pm | Last updated: July 4, 2013 at 8:19 pm

ദുബൈ: എട്ടാമത് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം നവംബറില്‍ നടക്കുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. ഭക്ഷ്യസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന രോഗങ്ങള്‍ക്കുമാവും ഈ വര്‍ഷത്തെ സമ്മേളനം പ്രാമുഖ്യം നല്‍കുക. ദുബൈ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാവും നവംബര്‍ 18 മുതല്‍ 19 വരെ സമ്മേളനം നടക്കുക. ഓരോ വര്‍ഷവും ഒരു കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ദുബൈയിലേക്ക് എത്തുന്നത്. 13,000 ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളാണ് എമിറേറ്റിലുള്ളത്. 50 രാജ്യങ്ങളില്‍ നിന്നായി 1,500 ഭക്ഷ്യരംഗത്തെ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധര്‍ അവരുടെ കണ്ടെത്തലുകളും അനുഭവങ്ങളും സമ്മേളനത്തില്‍ പങ്കുവെക്കും. ഇതിലൂടെ എമിറേറ്റില്‍ ഭക്ഷ്യസുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, ആഗോള തലത്തില്‍ ഭക്ഷ്യരംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളും സമ്മേളനത്തില്‍ ഉരുത്തിരിയുമെന്നാണ് കരുതുന്നത്. മൊത്തം 2,000 പേര്‍ പങ്കെടുക്കും. ഇതില്‍ 50 എക്‌സിബിറ്റേഴ്‌സും ഉള്‍പ്പെടും.

മൈക്രോബയോളജിക്കല്‍ സ്‌പെസിഫിക്കേഷന്‍സ് ഫോര്‍ ഫുഡ്‌സു(ഐ സി എം എസ് എഫ്)മായും ഇന്റെര്‍നാഷ്ണല്‍ അസോസിയേഷന്‍ ഫോര്‍ ഫുഡ് പ്രൊട്ടക്ഷനു(ഐ എ എഫ് പി)മായും ഇന്റെര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഐ യു എഫ് എസ് ടി)യുമായും ചേര്‍ന്നാണ് നഗരസഭ സമ്മേളനത്തിന് ഒരുങ്ങുന്നതെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഭക്ഷ്യരംഗത്തെ ചെറുചലനങ്ങള്‍ പോലും അറിയാന്‍ സാധിക്കുന്ന ശില്‍പശാലകള്‍ക്കും സിംപോസിയങ്ങള്‍ക്കും സമ്മേളനം വേദിയാവുമെന്നും നാസര്‍ ലൂത്ത പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്ഷ്യരംഗത്തെ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാണ് ദുബൈ നഗരസഭ ശ്രമിക്കുന്നതെന്ന് ഭക്ഷ്യ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് ശെരീഫും വ്യക്തമാക്കി. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി നഗരസഭ സഹകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.